ഒമിക്രോൺ: യുപിയിൽ നാളെ മുതൽ നൈറ്റ് കർഫ്യൂ
വ്യാപാരസ്ഥാപനങ്ങളിൽ മാസ്‌ക് ധരിക്കാതെ എത്തുന്നവർക്ക് സാധനങ്ങൾ കൊടുക്കരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുപിയിൽ നാളെ (ശനിയാഴ്ച) മുതൽ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ രാവിലെ അഞ്ച് മണിവരെയാണ് കർഫ്യൂ. കല്യാണം അടക്കമുള്ള പൊതുപരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 200 ആയി കുറച്ചു.
വ്യാപാരസ്ഥാപനങ്ങളിൽ മാസ്‌ക് ധരിക്കാതെ എത്തുന്നവർക്ക് സാധനങ്ങൾ കൊടുക്കരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും യുപിയിൽ എത്തുന്നവർ കോവിഡ് ടെസ്റ്റ് ചെയ്യണം. റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ഇതിനായി പ്രത്യേക സൗകര്യമൊരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതിനിടെ ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാവുമോയെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അടക്കം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.