പി.ടി ഉഷയുടേത് ‘ഷോ’; പാരീസിൽ ഒരു പിന്തുണയും സഹായവും ലഭിച്ചില്ല ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട്
തനിക്ക് ഒരു പിന്തുണയും സഹായവും ഒളിമ്പിക്സ് അസോസിയേഷനിൽ നിന്ന് ലഭിച്ചില്ല, ആശുപത്രിയിൽ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് പി.ടി ഉഷ ചെയ്തത്
ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി.ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്സിൽ നിന്ന് ഭാരപരിശോധനയെ തുടർന്ന് ആയോഗ്യത പ്രഖ്യാപിച്ച തനിക്ക് ഒരു പിന്തുണയും സഹായവും പി.ടി ഉഷയിൽ നിന്ന് ലഭിച്ചില്ല. ആശുപത്രിയിൽ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് പി.ടി ഉഷ ചെയ്തതെന്നും, എല്ലായിടത്തും രാഷ്ട്രീയമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും വിനേഷ് ആരോപിച്ചു.
പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിനേഷിന്റെ പ്രതികരണം. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാല ശാരീരികസ്വസ്ഥതകളെ തുടർന്ന് വിനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെയത്തിയ പി.ടിഉഷ വിനേഷ് ഫോഗട്ടിനൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ തന്നോട് പറയാതൊയാണ് പി.ടി ഉഷ ചിത്രമെടുത്തതെന്നും അതാണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്നും വിനേഷ് പറഞ്ഞു.
‘എനിക്ക് അവിടെ എന്ത് പിന്തുണയാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. രാഷ്ട്രീയത്തിൽ പലതും നടക്കുന്നത് അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ്. അതുപോലെ അവിടെയും (പാരീസിൽ) രാഷ്ട്രീയം സംഭവിച്ചു. അതുകൊണ്ടാണ് എന്റെ ഹൃദയം തകർന്നത്. ഗുസ്തി ഉപേക്ഷിക്കരുത് എന്ന് പലരും പറയുന്നുണ്ട്, പക്ഷെ ഞാൻ എന്തിന് തുടരണം? എല്ലായിടത്തും രാഷ്ട്രീയമുണ്ട്’ വിനേഷ് പറഞ്ഞു.
തനിക്ക് പിന്തുണ നൽകുന്നുവെന്ന് അവകാശപ്പെടുന്ന രീതിയിൽ പി.ടി ഉഷ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിൽ വിനീഷ് പ്രതിഷേധിച്ചു. പിന്തുണ പ്രകടിപ്പിക്കാനുള്ള ശരിയായ മാർഗമല്ലത്. പി.ടി ഉഷയുടെ വെറും ഷോ മാത്രമാണതെന്നും വിനേഷ് ആരോപിച്ചു.
‘നിങ്ങൾ ഒരു ആശുപത്രി കിടക്കയിലാണ്, പുറത്ത് എന്താണ് ജീവിതത്തിൽ സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നത്. എനിക്ക് പിന്തുണയുമായി നിൽക്കുന്ന എല്ലാവരേയും കാണിക്കാൻ വേണ്ടി, ഒരു ഫോട്ടോ ക്ലിക്കുചെയ്‌ത് സോഷ്യൽ മീഡിയയിൽ നിങ്ങൾ എന്നോടൊപ്പമുണ്ടെന്ന് പറയാൻ ശ്രമിക്കുന്നത് ഷോ മാത്രമാണ്. എന്നോട് പറയാതെ ആ ചിത്രമെടുത്തത് ശരിയല്ല. എന്നെ പിന്തുണക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ നിങ്ങൾ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. അതാണ് പി.ടി ഉഷ ചെയ്തതെന്നും വിനേഷ് പറഞ്ഞു. ഭാരക്കൂടുതലിന്റെ പേരിൽ അയോഗ്യത പ്രഖ്യാപിച്ചതിനെതിരെ അപ്പീൽ നൽകിയെങ്കിലും ഹരജി കായിക തർക്ക പരിഹാര കോടതി ഹരജി അംഗീകരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം വിനേഷ് കോൺഗ്രസിൽ ചേർന്നിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുമാണ് വിനേഷ് ഫോഗട്ട്.