ഓപ്പറേഷൻ കാവേരി; ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം ഡൽഹിയിലെത്തി
392 പേരാണ് വിമാനത്തിലുള്ളത്
ന്യൂഡല്‍ഹി: ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽനിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു. ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തു. 392 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ രണ്ട് പേർ മലയാളികളാണ്. സുഡാനിലെ സാഹചര്യം ഭയപ്പെടുത്തുന്നതായിരുന്നു എന്ന് മടങ്ങി എത്തിയവർ പ്രതികരിച്ചു. സുഡാനിൽ ഇനിയും 2000 ൽ അധികം ഇന്ത്യക്കാരുണ്ട്. ഖാർത്തൂമിന് പുറത്ത് കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ നീക്കങ്ങളും ആരംഭിച്ചു.
അതേസമയം നാലാമത്തെ വിമാനം ജിദ്ദയിൽ നിന്ന് ബാംഗ്ലൂരിലേക്ക് തിരിച്ചു. 362 പേരാണ് വിമാനത്തിൽ ഉള്ളത്. സുഡാനിൽ നിന്ന് 9 സംഘം ഇതുവരെ ജിദ്ദയിൽ എത്തി. 3400 പേർ നാട്ടിലേക്ക് മടങ്ങാൻ ഇതുവരെ രജിസ്റ്റർ ചെയ്തു. നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളിലും വ്യോമസേനയുടെ മൂന്ന് ചരക്കുവിമാനങ്ങളിലൂടെയുമാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
സുഡാനിൽ നിന്ന് നാടണയാനായി രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. ഓപ്പറേഷൻ കാവേരിക്ക് സമയക്രമം നിശ്ചയിച്ചിട്ടില്ല. പരമാവധി വേഗത്തിൽ നാട്ടിലെത്തിക്കാനാണ് ശ്രമം. സൗദിയുടെ സമ്പൂർണ സഹായം ഇന്ത്യക്ക് പൗരന്മാരെ തിരിച്ചെത്തിക്കാൻ സഹായകരമായിട്ടുണ്ട്.