അദാനി വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിഷേധം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും
ഇന്നലെ ലോക്‌സഭയിൽ നടത്തിയതിന് സമാനമായി കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ചു കൊണ്ടാകും പ്രധാനമന്ത്രിയുടെ മറുപടി
കഴിഞ്ഞ രണ്ട് ദിവസം നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയുമായി സഹകരിച്ച പ്രതിപക്ഷം ഇന്ന് മുതൽ അദാനി വിഷയത്തിൽ ലോക്‌സഭയിൽ പ്രതിഷേധം ശക്തമാക്കും. സഭ നടപടികൾ നിർത്തി ചർച്ച ചെയ്യുക, സംയുക്ത പാർലമെൻറ് സമിതി വിഷയം അന്വേഷിക്കുക തുടങ്ങിയവയാണ് പ്രതിപക്ഷ ആവശ്യങ്ങൾ. പ്രതിപക്ഷ എം.പിമാർ അദാനി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. പ്രതിഷേധം ചർച്ച ചെയ്യാൻ രാവിലെ പ്രതിപക്ഷ പാർട്ടി നേതാക്കാൾ യോഗം ചേരും. ലോക്‌സഭയിൽ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയാണ് പുരോഗമിക്കുന്നത്.
രാജ്യസഭയിൽ നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് പൂർത്തിയാകും. ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ചർച്ചയ്ക്ക് മറുപടി നൽകും. ഇന്നലെ ലോക്‌സഭയിൽ നടത്തിയതിന് സമാനമായി കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ചു കൊണ്ടാകും പ്രധാനമന്ത്രിയുടെ മറുപടി.