പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ച് പാർലമെന്‍റ്; സസ്പെന്‍ഷനിലായ എം.പിമാരുടെ സത്യാഗ്രഹം തുടങ്ങി
ബി.ജെ.പി സർക്കാരിനെതിരെ പുതിയ സമരമുഖം തുറന്നാണ് സസ്പെൻഷനിലായ എം.പിമാർ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്
സസ്പെൻഷന് വിധേയരായ രാജ്യസഭാ എം.പിമാർ സത്യഗ്രഹം ആരംഭിച്ചു. പാർലമെന്‍റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലാണ് പ്രതിഷേധം. എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭ സ്തംഭിച്ചു.
ബി.ജെ.പി സർക്കാരിനെതിരെ പുതിയ സമരമുഖം തുറന്നാണ് സസ്പെൻഷനിലായ എം.പിമാർ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. 12 എം.പിമാരിൽ ശിവസേന എം.പി അനിൽ ദേശായി ഒഴികെ 11 പേരും സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. നടപടി നേരിട്ട തൃണമൂൽ എം.പിമാരായ ഡോളസെനും ശാന്ത ചേത്രിയും സമരത്തിൽ പങ്കുചേർന്നു. രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എം.പിമാർ സമരം ചെയ്യുന്ന അംഗങ്ങൾക്ക് ഐക്യദാർഢ്യവുമായെത്തി. സസ്പെൻഷൻ പിൻവലിക്കാനായി മാപ്പ് പറയില്ലെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു.
സസ്പെൻഷൻ പിൻവലിച്ചു എം.പിമാരെ തിരിച്ചെടുക്കണമെന്ന് രാജ്യസഭാ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കില്ലെന്ന് സഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആവർത്തിച്ചു. ഇതേത്തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തിൽ സഭ മുങ്ങി. പലവട്ടം ചേർന്നെങ്കിലും പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് സഭ പിരിയുകയായിരുന്നു.