മണിപ്പൂരിനെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം: ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു
പ്രതിഷേധത്തെ തുടർന്ന് രാജ്യസഭാധ്യക്ഷൻ ക്ഷുഭിതനായി
ഡല്‍ഹി: മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിന്‍റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധങ്ങളെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭാധ്യക്ഷൻ ക്ഷുഭിതനായി.
തുടർച്ചയായ ഏഴാം ദിനവും പാർലമെന്റിൽ മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്. പ്രതിപക്ഷ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി ഇരു സഭാധ്യക്ഷന്മാരും അനുമതി നിഷേധിച്ചു. തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രയാൻ്റെ ഇടപെടലിലാണ് ഉപരാഷ്ട്രപതി പ്രകോപിതനായത്. സഭയിൽ നാടകം കളിക്കരുത് എന്ന് ഡെറിക് ഒബ്രെയാനെ താക്കീത് ചെയ്ത ശേഷമാണ് ഇന്നത്തെ സഭാ നടപടികൾ അവസാനിക്കുന്നതായി രാജ്യസഭാ ചെയർമാൻ അറിയിച്ചത്.
ലോക്സഭയിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. മറ്റു വിഷയങ്ങൾ മാറ്റിവെച്ച് മണിപ്പൂർ വിഷയത്തിൽ അവിശ്വാസപ്രമേയം ഉടൻ ചർച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഏതാനും ചില ബില്ലുകൾ പാസാക്കി ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞത്.