'തിങ്കളാഴ്ച പാർലമെന്റിൽ ഉണ്ടാകണം'; എംപിമാർക്ക് വിപ്പ് നൽകി ബിജെപി
ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ല് ഉൾപ്പെടെ 26 ബില്ലുകളാണ് പരിഗണിക്കുന്നത്
ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബില്ല് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിൽ തിങ്കളാഴ്ച അവതരിപ്പിക്കും. അന്നേ ദിവസം പാർലമെന്റിൽ ഹാജരാകാൻ ബിജെപി ലോക്‌സഭാ എംപിമാർക്ക് വിപ്പ് നൽകി. രാജ്യസഭാ എംപിമാർക്ക് വിപ്പ് നേരത്തേ നൽകിയിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ല് ഉൾപ്പെടെ 26 ബില്ലുകളാണ് പരിഗണിക്കുന്നത്. ക്രിപ്‌റ്റോകറൻസി നിയന്ത്രണ ബിൽ, പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി 51 ൽ നിന്നും 26 ശതമാനമായി കുറയ്ക്കാനുള്ള ബിൽ എന്നിവയും പാർലമെന്റ് ചർച്ച ചെയ്യും.
പഞ്ചാബ്. ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി, വാർത്താ-വിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ പങ്കെടുത്തു.