പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിക്കും

പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വർധനവ്, കർഷക സമരം, ലഖിംപൂർ കർഷക കൊലപാതകം ചൈനയുടെ കടന്നുകയറ്റം അടക്കം പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയർത്താൻ പോകാൻ നിരവധി വിഷയങ്ങളാണ്

Update: 2021-11-29 00:39 GMT
Advertising

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും. സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ല് സഭയിൽ അവതരിപ്പിക്കും. സഭാ സ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്നും എല്ലാ വിഷയങ്ങളും സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും സർവകക്ഷിയോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വർധനവ്, കർഷക സമരം, ലഖിംപൂർ കർഷക കൊലപാതകം ചൈനയുടെ കടന്നുകയറ്റം അടക്കം പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയർത്താൻ പോകാൻ നിരവധി വിഷയങ്ങളാണ്. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുമെന്ന വ്യക്തമായ സൂചനയും പ്രതിപക്ഷം നൽകി. കോവിഡ് നഷ്ടപരിഹാരവും കർഷകർക്കുള്ള ധനസഹായവും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെടും.

വിവാദമായ മൂന്ന് കാർഷിക നിയമം റദ്ദാക്കേണ്ടി വന്ന സാഹചര്യം കൃഷിമന്ത്രി ഇന്ന് ലോക്സഭയിൽ വിശദീകരിക്കും. നിയമം പിൻവലിക്കാനുള്ള ബിൽ ചർച്ച ചെയ്ത് പാസാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടേക്കും.

ക്രിപ്റ്റോ കറൻസി നിയന്ത്രണത്തിനുള്ള ബിൽ, പട്ടികജാതി-പട്ടിക വർഗ ഭേദഗതി ബിൽ, എമിഗ്രേഷൻ ബിൽ, മെട്രോ റെയിൽ ബിൽ, ഇന്ത്യൻ മാരിടൈം ഫിഷറീസ് ബിൽ, നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോഡ്രോപിക് സബ്സ്റ്റാൻസ് ബിൽ എന്നിവയടക്കം 26 ബില്ലുകളാണ് സഭയിൽ എത്തുക. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാണ് ഇത്തവണയും ലോക്സഭയും രാജ്യസഭയും സമ്മേളിക്കുക. ഡിസംബർ 23ന് ശൈത്യകാല സമ്മേളനം സമാപിക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News