പ്രതിപക്ഷ എം.പിമാർക്കെതിരായ കൂട്ട നടപടിക്ക് ശേഷം പാർലമെന്‍റ് ഇന്ന് ചേരും; ക്രിമിനൽ നിയമഭേദഗതി ബില്ലിൽ ചർച്ച

സഭയിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രാജ്യസഭയിൽ ഇന്ന് കൂടുതൽ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യാനും സാധ്യത ഉണ്ട്

Update: 2023-12-20 00:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: പ്രതിപക്ഷ അംഗങ്ങൾക്ക് എതിരായ കൂട്ട നടപടിക്ക് ശേഷം പാർലമെന്‍റിലെ ഇരുസഭകളും ഇന്നും ചേരും. ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന മൂന്ന് ബില്ലുകളിൽ ലോക്സഭയിൽ ഇന്നും ചർച്ച തുടരും. സഭയിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രാജ്യസഭയിൽ ഇന്ന് കൂടുതൽ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യാനും സാധ്യത ഉണ്ട്.

3 ദിവസങ്ങൾ കൊണ്ട് 142 പ്രതിപക്ഷ അംഗങ്ങളെ ആണ് പാർലമെൻ്റിൻ്റെ ഇരു സഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്തത്. പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെയുള്ള നടപടി അവസാനിച്ചിട്ടില്ലെന്ന സൂചന നൽകി ഇന്നലെ രാജ്യസഭ പിരിഞ്ഞിരുന്നു. പ്രതിപക്ഷ നിരയിലെ മുപ്പതോളം രാജ്യസഭാ എം.പിമാരാണ് ഒരുപക്ഷേ ഇന്ന് സസ്പെൻഷൻ നടപടി നേരിടേണ്ടി വരിക. രാജ്യസഭാ അധ്യക്ഷനെ തൃണമൂൽ കോൺഗ്രസ് അംഗം കല്യാൺ ബാനർജി അനുകരിച്ച സംഭവത്തിൽ പ്രതിപക്ഷത്തിന് എതിരെ ബി.ജെ.പി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കല്യാൺ ബാനർജി മാപ്പ് പറയണമെന്ന് ഇന്നലെ സഭയിൽ ആവശ്യപ്പെട്ട ബി.ജെ.പി രാഹുൽ ഗാന്ധിക്ക് എതിരെയും വിമർശനം ശക്തമാക്കിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പിയുടെ അനുകരണം മൊബൈൽ ഫോണിൽ രാഹുൽ ഗാന്ധി ചിത്രീകരിച്ചത് ആണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മൂന്ന് കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന ബില്ലുകളിൽ ലോക്സഭയിൽ ചർച്ച ഇന്നും തുടരും.

ഇന്നലെയാണ് ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി സഭയിൽ അവതരിപ്പിച്ചത് എങ്കിലും ചർച്ച പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതിനുപുറമേ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സേവനവും സംബന്ധിച്ച ബില്ലും ലോക്സഭയിൽ ഇന്ന് പരിഗണിക്കും. നേരത്തെ രാജ്യസഭ ഈ ബിൽ പാസാക്കിയിരുന്നു. അതേസമയം പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ പാർലമെൻ്റിൽ ഉണ്ടായ കൂട്ട നടപടിയിൽ പ്രതിഷേധം ശക്തമാകുകയാണ് പ്രതിപക്ഷം. ഭൂരിപക്ഷം എംപിമാരെയും സഭാ അധ്യക്ഷന്മാർ സസ്പെൻഡ് ചെയ്തതിനാൽ അവശേഷിക്കുന്ന സമ്മേളന ദിവസങ്ങളിൽ സഭ ബഹിഷ്കരിക്കാൻ ആണ് പ്രതിപക്ഷ നീക്കം. പാർലമെൻ്റ് ശൈത്യകാല സമ്മേളനം മറ്റന്നാൾ അവസാനിക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News