പെഗാസസ്; കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി

പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആരുടേയും വിവരങ്ങള്‍ ചോർത്തിയിട്ടില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്

Update: 2021-08-16 13:13 GMT
Advertising

പെഗാസസ് ചാരവൃത്തിയിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം  കോടതി. എന്തിനാണ് ആരോപണങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതിയെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു. ചാര സോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയിട്ടുണ്ടോ ഇതിനുള്ള അനുവാദം ആരാണ് നൽകിയത് എന്നുള്ള കാര്യങ്ങൾ വിദഗ്ധ സമിതി പരിശോധിക്കുമോയെന്നും കോടതി ചോദിച്ചു. പെഗാസസ് ഹർജികളിലെ വാദം നാളെയും തുടരും.

പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആരുടേയും വിവരങ്ങള്‍ ചോർത്തിയിട്ടില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. ചാരവൃത്തി നടന്നെന്ന ആരോപണം അന്വേഷിക്കാന്‍ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും ഐ.ടി വകുപ്പ് സുപ്രീം കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

എന്നാൽ സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി കപിൽ സിബൽ വാദിച്ചു. പെഗാസസ് ഇന്ത്യ വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കേന്ദ്രം മറുപടി പറഞ്ഞാൽ വിദഗ്ധ സമിതിയുടെ തന്നെ ആവശ്യമില്ലെന്ന് കബിൽ സിബൽ കോടതിയെ അറിയിച്ചു. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയോയെന്ന കാര്യം സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നും പറയാനുള്ള എല്ലാ കാര്യവും സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ ഇല്ലയോ എന്നത് വിദഗ്ധർക്ക് പരിശോധിക്കാം. ഇതിനുള്ള അനുവാദം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നും ഇതാര് പരിശോധിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തി അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയുമോയെന്ന് നാളെ അറിയിക്കാൻ സോളിസിറ്റർ ജനറലിന് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News