സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സൂപ്രീംകോടതിയില്‍ ഹരജി

മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി 2005ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസറ്റിസായിരുന്ന രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചത്.

Update: 2021-07-29 13:38 GMT
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു
Advertising

മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി. പിന്നോക്കക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷേമ പദ്ധതികള്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേകമായി നടപ്പിലാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് ഹരജിക്കാരുടെ വാദം. സമാന സാഹചര്യത്തില്‍ കഴിയുന്ന ഹിന്ദുക്കളുടെ ക്ഷേമ പദ്ധതികള്‍ക്ക് ഇത് തടസ്സം സൃഷ്ടിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജ.രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. സനാദന്‍ ധര്‍മസേന എന്ന സംഘടനയുടെ ആറ് അനുയായികളാണ് ഹരജി നല്‍കിയിരിക്കുന്നത്.

2005 മാര്‍ച്ച് ഒമ്പതിന് പ്രധാനമന്ത്രിയുടെ ഓഫീസാണ് സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കിയത്. മന്ത്രിസഭാ തീരുമാനമായല്ല കമ്മിറ്റിയെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്വന്തം താല്‍പര്യം നടപ്പാക്കുകയായിരുന്നു. ഒരു സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ ആര്‍ട്ടിക്കിള്‍ 340 പ്രകാരം രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂയെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരാവുന്ന അഡ്വ. വിഷ്ണു ശങ്കര്‍ ജയിന്‍ പറഞ്ഞു.

മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി 2005ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസറ്റിസായിരുന്ന രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചത്. ദളിത് സമുദായത്തെക്കാള്‍ പിന്നോക്കമാണ് രാജ്യത്ത് മുസ് ലിംകളുടെ അവസ്ഥയെന്നായിരുന്നു സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മുസ്‌ലിംകള്‍ക്ക് മാത്രമായി വിവിധ സ്‌കോളര്‍ഷിപ്പുകള്‍ അടക്കമുള്ള പദ്ധതികളും യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്കെതിരെ സനാദന്‍ ധര്‍മസേന നേരത്തെയും ഹരജി നല്‍കിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക വിഭാഗത്തിന് പ്രത്യേക നിയമമോ ക്ഷേമ പദ്ധതികളോ നടപ്പാക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News