'വിമാനത്തിൽ ഇന്ത്യൻ സംഗീതം മതി'; നിർദേശവുമായി വ്യോമയാന മന്ത്രാലയം
"സമ്പന്നമായ പാരമ്പര്യവും പൈതൃകവും ഉണ്ടായിട്ടും ഇന്ത്യൻ വിമാനക്കമ്പനികൾ ദേശത്തിന്റെ സംഗീതം പ്ലേ ചെയ്യുന്നില്ല"
ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം മതിയെന്ന ഉത്തരവുമായി സിവിൽ വ്യോമയാന മന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിസർച്ചിന്റെ നിർദേശപ്രകാരമാണ് മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയ്ക്ക് സമ്പന്നമായ സംഗീത പാരമ്പര്യമുണ്ടെന്നും അത് മത-സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും വ്യോമയാന മന്ത്രാലയം പറയുന്നു.
'ലോകത്തെ മിക്ക വിമാനക്കമ്പനികളും അവരുടെ ദേശത്തിന്റെ സംഗീതമാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, അമേരിക്കൻ വിമാനക്കമ്പനികൾ ജാസ് ഉപയോഗിക്കുന്നു. ഓസ്ട്രിയൻ എയർലൈൻസിൽ മൊസാർട്ടും മധ്യേഷ്യൻ എയർലൈൻസുകളിൽ അറബ് സംഗീതവുമാണ് പ്ലേ ചെയ്യുന്നത്. എന്നാൽ സമ്പന്നമായ പാരമ്പര്യവും പൈതൃകവും ഉണ്ടായിട്ടും ഇന്ത്യൻ വിമാനക്കമ്പനികൾ ദേശത്തിന്റെ സംഗീതം പ്ലേ ചെയ്യുന്നില്ല.' - സിവിൽ വ്യോമയാന മന്ത്രാലയം മേധാവി അരുൺ കുമാറിന് അയച്ച കത്തിൽ വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഉഷ പാഠി ഐഎഎസ് ചൂണ്ടിക്കാട്ടി.
Thank you @Moca_GoI led by Hon'ble @JM_Scindia for issuing the advisory on playing Indian music in airplanes and airport premises. Great news for the Indian music fraternity. pic.twitter.com/h4HBvr2SDO
— ICCR (@iccr_hq) December 28, 2021
ഡിസംബർ 23നാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിസർച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നിവേദനം നൽകിയിരുന്നത്. പ്രമുഖ സംഗീതജ്ഞരായ അനു മാലിക്, കൗശൽ എസ് ഇനാംദാർ, മാലിനി അശ്വതി, റിത ഗാംഗുലി, വസീഫുദ്ദീൻ ദാഗർ തുടങ്ങിയവർ നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
As a musician I know for certain that such 'recommendations' are dangerous. The idea that something is Indian and something is not is a way of othering people using caste and religion. Another homogenising monstrosity. https://t.co/Xglj7Pe205
— T M Krishna (@tmkrishna) December 29, 2021
അതിനിടെ, സർക്കാർ നിർദേശത്തിനെതിരെ ടിഎം കൃഷ്ണ അടക്കമുള്ള സംഗീതജ്ഞർ രംഗത്തെത്തി. ഇത്തരം നിർദേശങ്ങൾ അപകടരമാണ് എന്ന് ഒരു സംഗീതജ്ഞൻ എന്ന നിലയിൽ പറയാനാകും. വർഷങ്ങളായി എയർ ഇന്ത്യയിലും ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളിലും ക്ലാസിക്കൽ സംഗീതമാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഇത് അടിസ്ഥാനപരമായി സരോദും സിത്താർ ഖയാൽ സംഗീതവുമാണ്. നമ്മളാരും അതിനെ ചോദ്യം ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു.