തമിഴ്‌നാട്ടിൽ പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
രണ്ടാഴ്ച മുന്‍പ് കള്ളക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂർ ജില്ലയിലെ കിളച്ചേരിയിൽ പ്ലസ്ടു വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സേക്രട്ട് ഹാർട്ട് സ്‌കൂളിലെ വിദ്യാർഥിനി സരളയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കുട്ടിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാണ്. പെൺകുട്ടിയുടെ ഗ്രമാമായ തിരുട്ടണിയിൽ നാട്ടുകാരും ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികളുടെ മാതാപിതാക്കളും പ്രതിഷേധിച്ചു. കൂടുതൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. പെൺകുട്ടിയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ചും സിബിസിഐഡിയും അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച മുൻപാണ് തമിഴ്നാട് കള്ളക്കുറിച്ചിയിൽ കണിമയൂർ ശക്തി മെട്രിക്കുലേഷൻ സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ചാടി ആത്മഹത്യ ചെയ്തത്.
സ്‌കൂളിലെ അധ്യാപകർക്കെതിരെ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ. ആരോപണ വിധേയരായ അധ്യാപകർക്കും സ്‌കൂൾ മാനേജ്മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് തെരുവിലിറങ്ങിയത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
സംഭവത്തിൽ സ്ഥലത്ത് വലിയ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. സ്‌കൂൾ ബസുകൾ കത്തിക്കുകയും സ്കൂൾ കെട്ടിടങ്ങൾ അക്രമിക്കുകയും ചെയ്തിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.