മധ്യപ്രദേശിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും; ആത്മവിശ്വാസത്തില്‍ മുന്നണികള്‍
സംസ്ഥാനത്ത് ഭരണം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി
ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു. മധ്യപ്രദേശിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും. ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസിനായി രാഹുൽ ഗാന്ധിയും ഇന്ന് പ്രചാരണം നയിക്കും. സംസ്ഥാനത്ത് ഭരണം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ ഭരണം തിരിച്ചുപിടിക്കുമെന്നാണ് ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
മധ്യപ്രദേശിലെ പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രമാണ് ഉള്ളത്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം മറികടന്ന് തുടർഭരണം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. വോട്ടർസ്ലിപ്പുകൾ വിതരണം ചെയ്തും ഗൃഹസന്ദർശനം നടത്തിയും ബി.ജെ.പിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരിട്ടിറങ്ങിയിട്ടുണ്ട്. ഭരണം തിരിച്ച് പിടിക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമവും ശക്തമാണ്. ഭോപ്പാലിൽ എത്തിയ രാഹുൽ ഗാന്ധിയാണ് ഇന്ന് കോൺഗ്രസിൻ്റെ പ്രചരണത്തിന് നേതൃത്വം നൽകുന്നത്. വിവിധ റാലികളിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിനെ കടന്നാക്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി. ബി.ജെ.പിക്ക് വികസനം പറഞ്ഞ് പിടിച്ച് നിൽക്കാനാകില്ല എന്നാണ് കോൺഗ്രസ് ആരോപണം. സർക്കാർ നടത്തിയ വികസന പദ്ധതികൾ പറഞ്ഞ് വോട്ട് പിടിക്കാൻ കഴിയുമോ എന്ന് പ്രധാനമന്ത്രിയെയും അമിത് ഷായെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വെല്ലുവിളിച്ചു.
മധ്യപ്രദേശിനൊപ്പം ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട വോട്ടെടുപ്പും വെള്ളിയാഴ്ച നടക്കും. ഛത്തീസ്ഗഡിലെ ബാക്കിയുള്ള 70 മണ്ഡലങ്ങളാണ് വെള്ളിയാഴ്ച ജനവിധി എഴുതുക.