'അബ്ബാസ് ഞങ്ങളുടെ വീട്ടിൽ താമസിച്ചു പഠിച്ചു'; ബാല്യകാലത്തെ അപൂർവ്വ സൗഹൃദം പറഞ്ഞ് നരേന്ദ്രമോദി

"ഞങ്ങൾ സഹോദരങ്ങളോടെന്ന പോലെ അമ്മയ്ക്ക് അവനോട് വാത്സല്യവും കരുതലുമുണ്ടായിരുന്നു"

Update: 2022-06-18 07:28 GMT
Editor : abs | By : Web Desk
Advertising

പോർബന്തർ: അമ്മ ഹീരാബെൻ മോദിയുടെ നൂറാം ജന്മവാര്‍ഷിക ദിനത്തിൽ അപൂർവ സൗഹൃദത്തിന്റെ കഥ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മയെ കുറിച്ച് തന്റെ ബ്ലോഗായ നരേന്ദ്രമോദി ഡോട് ഇന്നിൽ എഴുതിയ ആത്മകഥാപരമായ കുറിപ്പിലാണ് അബ്ബാസ് എന്ന സുഹൃത്തുമായുള്ള ബാല്യകാല സൗഹൃദത്തെ കുറിച്ച് മോദി മനസ്സു തുറന്നത്. അബ്ബാസ് എന്ന വാക്ക് ഇന്ത്യൻ ട്വിറ്ററിലും ട്രൻഡിങ്ങായി.

'മറ്റുള്ളവരുടെ ആഹ്ളാദങ്ങളിൽ അമ്മ സന്തോഷം കണ്ടെത്തിയിരുന്നു. ഞങ്ങളുടെ വീട് ചെറുതായിരുന്നെങ്കിലും അവരുടെ ഹൃദയം വിശാലമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിനടുത്ത് അച്ഛന്റെ സുഹൃത്ത് താമസിച്ചിരുന്നു. അസമയത്തുള്ള അദ്ദേഹത്തിന്റെ മരണശേഷം എന്റെ അച്ഛൻ സുഹൃത്തിന്റെ മകൻ, അബ്ബാസിനെ വീട്ടിൽ കൊണ്ടുവന്നു. ഞങ്ങൾക്കൊപ്പം താമസിച്ചാണ് അവൻ പഠനം പൂർത്തിയാക്കിയത്. ഞങ്ങൾ സഹോദരങ്ങളോടെന്ന പോലെ അമ്മയ്ക്ക് അവനോട് വാത്സല്യവും കരുതലുമുണ്ടായിരുന്നു. എല്ലാ വർഷവും പെരുന്നാളിൽ അമ്മ അവന് ഇഷ്ടപ്പട്ട ഭക്ഷണം പാചകം ചെയ്തു കൊടുത്തു. ആഘോഷങ്ങളിൽ അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം ഞങ്ങളുടെ വീട്ടിലെത്തി അമ്മയുടെ പ്രത്യേക വിഭവങ്ങൾ ആസ്വദിക്കുമായിരുന്നു' - മോദി എഴുതി.

അമ്മ എന്ന പേരിൽ ശനിയാഴ്ചയാണ് ബ്ലോഗ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. അമ്മ നിഘണ്ടുവിലെ വെറുമൊരു വാക്കല്ലെന്നും സ്‌നേഹം, ക്ഷമ, വിശ്വാസം തുടങ്ങി ഒരുപാട് വികാരങ്ങളുടെ സമ്മേളനമാണ് എന്നും പറഞ്ഞാണ് പ്രധാനമന്ത്രി കുറിപ്പ് ആരംഭിക്കുന്നത്. അമ്മ കുട്ടികൾക്ക് ജന്മം നൽകുക മാത്രമല്ല, അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും പരുവപ്പെടുത്തുകയും ചെയ്യുന്നു. ഇതിനായി സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നു- മോദി എഴുതുന്നു.

'ഇന്നത്തേതുമായി താരതമ്യം ചെയ്യുമ്പോൾ അമ്മയുടെ കുട്ടിക്കാലം അങ്ങേയറ്റം പ്രാരാബ്ധങ്ങൾ നിറഞ്ഞതായിരുന്നു. വട്‌നഗറിൽ ഞങ്ങളുടെ കുടുംബം ഒരു ജനൽ പോലുമില്ലാത്ത വീട്ടിലാണ് താമസിച്ചിരുന്നത്. ടോയ്‌ലറ്റും ബാത്ത് റൂമും ആഡംബരം. അമ്മയും അച്ഛനും ഞാനും സഹോദരങ്ങളും ആ വീട്ടിലാണ് കഴിഞ്ഞത്. നാലു മണിക്ക് അച്ഛൻ ജോലിക്ക് പോകും. പ്രദേശത്തെ അമ്പലത്തിൽ പ്രാർത്ഥിച്ചാണ് ചായക്കട തുറന്നിരുന്നത്.' - പ്രധാനമന്ത്രി എഴുതി.

'വീട്ടുചെലവുകൾ നവൃത്തിച്ചു കിട്ടാനായി അടുത്ത വീട്ടിലെ പാത്രങ്ങൾ കഴുകിയിരുന്നു അമ്മ. അധിക വരുമാനത്തിന് വേണ്ടി ചർക്കയിൽ നൂൽ നെയ്തു. മറ്റുള്ളവരെ ഒരിക്കൽ പോലും ആശ്രയിച്ചില്ല. മഴക്കാലം വരുമ്പോഴാണ് മൺവീടിലെ ബുദ്ധിമുട്ട് ആരംഭിക്കുക. എന്നാൽ അതൊന്നും അമ്മ അറിയിക്കാതിരിക്കാൻ ശ്രദ്ധിച്ചു. മഴയത്ത് വീട് ചോർന്നിരുന്നു. വീട്ടിൽ നിറയെ വെള്ളമായിരിക്കും. മഴവെള്ളം ബക്കറ്റും പാത്രങ്ങളും വെച്ചാണ് അമ്മ ശേഖരിച്ചിരുന്നത്. അടുത്ത കുറച്ചു ദിവസത്തേക്ക് ഈ വെള്ളമാണ് അമ്മ ഉപയോഗിക്കാൻ എടുക്കുക. ജലസംരക്ഷണത്തിന് ഇതിലും വലിയ ഉദാഹരണമേതാണ്!'- മോദി കൂട്ടിച്ചേർത്തു.

ദരിദ്രർക്കു വേണ്ടി പ്രവർത്തിക്കാൻ അമ്മ എന്നും പ്രചോദനമായിരുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു. 'ഗുജറാത്ത് മുഖ്യമന്ത്രിയായി എന്നെ നിയോഗിച്ച സമയം ഓർക്കുന്നു, അന്ന് ഞാൻ സംസ്ഥാനത്തുണ്ടായിരുന്നില്ല. ഗുജറാത്തിൽ എത്തിയ ഉടൻ അമ്മയെ കാണാനാണ് പോയത്. അവർ അത്യാഹ്ളാദവതിയായിരുന്നു. സർക്കാറിൽ നിന്റെ ജോലി എന്താണ് എന്നൊന്നും എനിക്കറിയില്ല. എന്നാൽ കൈക്കൂലി വാങ്ങരുത് എന്ന ഒരു കാര്യം മാത്രമാണ് നിന്നോട് പറയാനുള്ളത് എന്നാണ് അമ്മ പറഞ്ഞത്' - മോദി എഴുതി.

ഡൽഹിയിലെ തിരക്കുകൾക്കിടയിൽ അമ്മയെ കാണുന്നത് കുറഞ്ഞു പോയെന്നും അദ്ദേഹം കുറിക്കുന്നു. എന്നാലും അമ്മയുടെ സ്‌നേഹവും വാത്സല്യവും അതുപോലെ നിൽക്കുന്നു. ഒരു ഘട്ടത്തിൽ അമ്മ തന്നോട് ചോദിച്ചു. ഡൽഹിയിൽ നീ സന്തോഷവാനാണോ? നീ അവിടം ഇഷ്ടപ്പെടുന്നുണ്ടോ? - മോദി എഴുതി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News