'അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഒരിക്കലും മറുപടി പറയില്ല'; അദാനി വിഷയത്തിൽ അധീർ രഞ്ജൻ ചൗധരി
അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളെ നേരിടാനാവാത്തതുകൊണ്ടാണ് പ്രധാനമന്ത്രി ഇതുവരെ മാധ്യമങ്ങളെ കാണാൻ തയ്യാറാവാത്തതെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ന്യൂഡൽഹി: ഗൗതം അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളിൽനിന്ന് പ്രധാനമന്ത്രി ഒളിച്ചോടിയെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം ഇതുവരെ മാധ്യമങ്ങളെ കാണാൻ തയ്യാറാവാത്തതെന്നും ചൗധരി പറഞ്ഞു.
''തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളെ നേരിടാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ഇതുവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാവാത്തത്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ നേരിടാൻ പ്രധാനമന്ത്രിയുടെ കയ്യിൽ ഉത്തരങ്ങളില്ല''-അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
Delhi | The PM never faces the media because he doesn't want to listen to uncomfortable questions. Rahul Gandhi's questions were uncomfortable. PM doesn't have any answer at his disposal to refute every charge by Rahul Gandhi: Adhir Ranjan Chowdhury, Congress MP on Adani issue pic.twitter.com/iTe1JYtCmQ
— ANI (@ANI) February 9, 2023
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്രസർക്കാർ ഒരു വ്യവസായിയുടെ വക്താക്കളായി സംസാരിക്കുന്നതെന്ന് അധീർ രഞ്ജൻ ചൗധരി കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി ഇപ്പോൾ ശരിയായ വഴിയിലാണ്. ബി.ജെ.പിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ തുടങ്ങിയിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടാണ് അദാനി ഗ്രൂപ്പിനെതിരായ തെളിവുകൾ പുറത്തുകൊണ്ടുവന്നത്. തങ്ങൾ സ്വന്തമായി ഒന്നും പറയുന്നില്ല. അത് ഉന്നയിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നത്. അതിലെന്താണ് തെറ്റെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ അധീർ രഞ്ജൻ ചൗധരി ചോദിച്ചു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണം ജോയിന്റ് പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന് പലതും ഒളിക്കാനുള്ളതുകൊണ്ടാണ് ഇത് അംഗീകരിക്കാതെ ഒളിച്ചോടുന്നതെന്നും അദ്ദേഹം ആരോപിച്ചു.