കുതിരയെ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച വീഡിയോ വൈറൽ; പൊലീസ് കേസെടുത്തു
ഉത്തരാഖണ്ഡ് രുദ്രപ്രയാഗ് ജില്ലാ പൊലീസാണ് കുതിരയുടെ ഉടമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്
ഉത്തരാഖണ്ഡ്: കേദാർനാഥ് ട്രക്കിനിടയിൽ കുതിരയെ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്തു. ഉത്തരാഖണ്ഡ് രുദ്രപ്രയാഗ് ജില്ലാ പൊലീസാണ് കുതിരയുടെ ഉടമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വീഡിയോയിൽ രണ്ടാളുകൾ കുതിരയെ ബലമായി പിടിച്ച് അതിന്റെ ഒരു മൂക്കിലുടെ കഞ്ചാവ് വലിക്കാൻ നിർബന്ധിക്കുന്നത് കാണാം.
ഈ വർഷം മാത്രം ഇത്തരത്തിൽ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട 14 കേസുകളാണ് രുദ്രപ്രയാഗ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വൈറലായ വീഡിയോയിൽ ഒരാൾ കുതിരയുടെ വായും മുക്കും കൈകൊണ്ട് പൊത്തി പിടിക്കുന്നതും മറ്റേയാൾ പേപ്പർ ചുരുട്ടി കുതിരയുടെ മുക്കിലേക്ക് ഇടുന്നതും കാണാം കുതിര പുക ശ്വസിക്കുന്നതും അവർ രണ്ടു പേരും വീണ്ടും കുതിരയെ പുകവലിക്കാൻ നിർബന്ധിക്കുന്നതും കാണാം.
സംഭവത്തിൽ ബോളിവുഡ് നടി രവീണ ടൻഡൺ ഉൾപ്പടെ നിരവധിയാളുകൾ ഈ ക്രൂരതകാട്ടിയ രണ്ടുപേരുടെയും അറസ്റ്റ് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിന് ശേഷം കേദാർനാഥ് ട്രക്കിംഗ് റൂട്ടിൽ നടന്ന മൃഗങ്ങളോടുള്ള ക്രൂരതകളുടെ വീഡിയോകൾ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.