ഭഗത് സിങ്ങിന്റെ പുസ്തകം കൈവശം വച്ചതിന് യുഎപിഎ; കുറ്റം ഒഴിവാക്കി കോടതി
നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് ലെനിസ്റ്റ്) പീപ്പ്ൾസ് വാർ പ്രവർത്തകരെന്ന് ആരോപിച്ച് 2012ലാണ് ഇവരെ അറസ്റ്റു ചെയ്തിരുന്നത്
മംഗളൂരു: നക്‌സലൈറ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗോത്രവിഭാഗത്തിൽപ്പെട്ട രണ്ടു പേർക്കെതിരെ ചുമത്തിയ യുഎപിഎ കേസ് മംഗളൂരു സെഷൻസ് കോടതി റദ്ദാക്കി. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഭഗത് സിങ്ങിന്റെ പുസ്തകവും വർത്തമാന പത്രത്തിലെ കട്ടിങ്ങുകളും നക്‌സലൈറ്റ് ബന്ധത്തിന്റെ തെളിവാണെന്നാണ് പൊലീസ് അവകാശപ്പെട്ടിരുന്നത്. ഭഗത് സിങ്ങിന്റെ പുസ്തകം കൈവശം വയ്ക്കുന്നത് നിയമപ്രകാരം കുറ്റകരമാണോ എന്ന് കോടതി ചോദിച്ചു.
'ഭഗത് സിങ്ങിന്റെ പുസ്തകം പിടിച്ചെടുത്തിട്ടുണ്ട്. അതു കൈവശം വയ്ക്കുന്നത് നിയമപ്രകാരം നിരോധിക്കപ്പെട്ടതല്ല.' - വിധി പറയവെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ബി.ബി ജകതി വ്യക്തമാക്കി.
23കാരനായ ജേണലിസം വിദ്യാർത്ഥി വിത്തല മലെകുടിഡ, അച്ഛൻ ലിംഗപ്പ മലെകുടിയ എന്നിവർക്കെതിരെയാണ് യുഎപിഎ നിയമത്തിലെ വകുപ്പ് 19,20, ശിക്ഷാനിയമത്തിലെ 120ബി, 124എ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരുന്നത്. നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് ലെനിസ്റ്റ്) പീപ്പ്ൾസ് വാർ പ്രവർത്തകരെന്ന് ആരോപിച്ച് 2012ലാണ് ഇവരെ അറസ്റ്റു ചെയ്തിരുന്നത്.
വീട്ടിൽ നിന്ന് 'നക്‌സൽ ബന്ധമുള്ള' സാധനങ്ങൾ പിടിച്ചെടുത്തിന് പുറമേ, കുറ്റാരോപിതർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു എന്നും പൊലീസ് വാദിച്ചിരുന്നു. ഗോത്രവർഗക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഉഡുപ്പി, ചികമഗളൂരു ലോക്‌സഭാ തെരഞ്ഞെുപ്പിൽ വോട്ടെടുപ്പു ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു എന്നായിരുന്നു പൊലീസ് വാദം.
എന്നാൽ ഇവരെ കുറ്റവിമുക്തരാക്കിയ കോടതി, വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ അവരുടെ ജീവിതോപാധികളായിരുന്നു എന്നാണ് നിരീക്ഷിച്ചത്.