ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റിനെതിരെ പടയൊരുക്കം; ജനറൽ സെക്രട്ടറി പ്രദീപ് സിൻഹ വഗേല രാജിവെച്ചു

പാർട്ടി ആവശ്യപ്പെട്ടതിനാലാണ് രാജിവെച്ചതെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വഗേല പറഞ്ഞു.

Update: 2023-08-05 12:49 GMT
Advertising

ഗാന്ധിനഗർ: ഗുജറാത്ത് ബി.ജെ.പി ജനറൽ സെക്രട്ടറി പ്രദീപ് സിൻഹ വഗേല രാജിവെച്ചു. പാർട്ടി നിർദേശപ്രകാരമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പാർട്ടി രാജിവെക്കാൻ ആവശ്യപ്പെട്ടതെന്ന് അറിയില്ല. ഇന്ന് താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് പാർട്ടിയുള്ളതുകൊണ്ടാണ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വഗേല പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് വഗേല രാജിവെച്ചതെന്ന് മറ്റൊരു ജനറൽ സെക്രട്ടറിയായ രജ്‌നി പട്ടേൽ പറഞ്ഞു. പാർട്ടിയുടെ സമർപ്പണ ബോധമുള്ള പ്രവർത്തകനാണ് പ്രദീപ് സിൻഹ വഗേല. പാർട്ടി ഏൽപ്പിച്ച ചുമതലകൾ നിർവഹിക്കുന്നതിൽ അദ്ദേഹത്തിന് ഇപ്പോൾ ചില വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് സ്വമേധയാ രാജിവെച്ചതെന്നും രജ്‌നി പട്ടേൽ പറഞ്ഞു.

അതേസമയം ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീലിനെതിരെ ദക്ഷിണ ഗുജറാത്ത് കേന്ദ്രീകരിച്ച് നടക്കുന്ന വിമത നീക്കവുമായി ബന്ധപ്പെട്ടാണ് വഗേലയുടെ രാജിയെന്നാണ് വിവരം. സംസ്ഥാന പ്രസിഡന്റിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മൂന്ന് പ്രവർത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

പാർട്ടിയിൽ പദവി വീതംവെച്ചതുമായി ബന്ധപ്പെട്ടാണ് സി.ആർ പാട്ടീലിനെതിരെ ആരോപണമുയർന്നത്. സമാനമായ കേസിൽ ജിനേന്ദ്ര ഷാ എന്ന വ്യക്തിയേയും കഴിഞ്ഞ മാസം സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് ബി.ജെ.പിയിൽ രാജിവെക്കുന്ന രണ്ടാമത്തെ ജനറൽ സെക്രട്ടറിയാണ് വഗേല. ഈ വർഷം ഏപ്രിലിൽ ജനറൽ സെക്രട്ടറിയായ ഭാർഗവ് ഭട്ടും രാജിവെച്ചിരുന്നു. സംസ്ഥാന പ്രസിഡന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു അദ്ദേഹം രാജിവെച്ചത്.

ഗുജറാത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ നാല് ജനറൽ സെക്രട്ടറി പോസ്റ്റാണുള്ളത്. രണ്ടുപേർ രാജിവെച്ചതോടെ രജ്‌നി പട്ടേൽ, വിനോദ് ചാവ്ദ എന്നിവർ മാത്രമാണ് ഇനി ജനറൽ സെക്രട്ടറി പദവിയിലുള്ളത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News