'ബ്രിജ് ഭൂഷണ്‍ പരാതിക്കാരെ ആളെ വിട്ട് ഭീഷണിപ്പെടുത്തുന്നു': ഒത്തുതീര്‍പ്പിന് സമ്മര്‍ദമെന്ന് സാക്ഷി മാലിക്
'അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും ശക്തിയും സ്വാധീനവും ഉള്ളയാളാണ് പ്രതി'
ഡല്‍ഹി: പീഡന പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്താന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ആളുകളെ ഏര്‍പ്പാടാക്കിയെന്ന് ഒളിംപ്യന്‍ സാക്ഷി മാലിക്. വിട്ടുവീഴ്ച ചെയ്യാന്‍ ഗുസ്തി താരങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി മാലിക് പറഞ്ഞു.
പീഡന പരാതി പിന്‍വലിക്കണമെന്ന സമ്മര്‍ദത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് വിഷാദരോഗിയായെന്ന് സാക്ഷി മാലിക് പറഞ്ഞു. അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും ശക്തിയും സ്വാധീനവും ഉള്ളയാളാണ് പ്രതി. അതുകൊണ്ടാണ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് തുടക്കം മുതല്‍ തങ്ങള്‍ ആവശ്യപ്പെട്ടത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ നിന്ന് ഗുസ്തി താരങ്ങള്‍ പിന്നോട്ട് പോകില്ലെന്ന് ബജ്‍റംഗ് പുനിയ വ്യക്തമാക്കി. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു- "ബ്രിജ് ഭൂഷണ്‍ സിങ് ഇന്നലെ ഗുസ്തി ഫെഡറേഷന്‍ ഓഫീസിലുള്ള സമയത്ത് വനിതാ ഗുസ്തി താരത്തെ പൊലീസ് ആ ഓഫീസില്‍ കൊണ്ടുപോയി. ബ്രിജ് ഭൂഷണ്‍ ഓഫീസിലുണ്ടോയെന്ന് അവള്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് പൊലീസ് കള്ളം പറഞ്ഞു. അദ്ദേഹം അവിടെ ഉണ്ടെന്നറിഞ്ഞപ്പോള്‍ അവള്‍ വല്ലാതെ ഭയന്നു".
ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് സാക്ഷി മാലിക് വ്യക്തമാക്കിയിട്ടുണ്ട്- "ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കൂ. ഓരോ ദിവസവും ഞങ്ങള്‍ എത്രത്തോളം മാനസികമായി തളരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയില്ല"
Summary- There is huge pressure on us to compromise, Sakshi Malik said, accusing Mr Brij Bhushan Sharan of getting his men to call and threaten the complainants.