പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ നടപടി ആരംഭിച്ചു: കർണാടക ആഭ്യന്തര മന്ത്രി

വ്യാഴാഴ്ച പുലർച്ചെയോടെ എൻഐഎയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പോപുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.

Update: 2022-09-23 12:56 GMT
Advertising

ബംഗളൂരു: പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ നടപടി ആരംഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പോപുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 18 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 15 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഏഴുപേരെ എൻഐഎ അറസ്റ്റ് ചെയ്‌തെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെയോടെ എൻഐഎയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പോപുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ ബംഗളൂരു, മൈസൂരു, കൽബുർഗി, ശിവമൊഗ്ഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

ദേശീയ സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കേരളത്തിൽ പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. ഹർത്താലിനെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തു. മുൻകൂട്ടി അറിയിക്കാതെയുള്ള ഹർത്താൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.

ഹർത്താലുമായി ബന്ധപ്പെട്ട് 220 പേരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കോട്ടയത്തും മലപ്പുറത്തുമാണ് കൂടുതൽ അറസ്റ്റ്. 110 പേരാണ് കോട്ടയത്ത് അറസ്റ്റിലായത്. കണ്ണൂരിൽ 45, കാസർകോട് 34, എറണാകുളം 14 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News