''പലതും പറയാനുണ്ട്, തല്‍ക്കാലം മിണ്ടുന്നില്ല''; ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രത്തെ അതൃപ്തി അറിയിച്ച് സുപ്രിം കോടതി
കേന്ദ്രത്തിന്‍റെ മറുപടി രണ്ടാഴ്ചക്കകം അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രത്തെ അതൃപ്തി അറിയിച്ച് സുപ്രിം കോടതി. ഹൈക്കോടതി ശിപാർശകൾ കേന്ദ്രം കൊളിജീയത്തിനു കൈമാറാത്തതിലാണ് സുപ്രിം കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ശിപാര്‍ശ ചെയ്ത 80 പേരുകളിൽ ഇതുവരെ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്‍റെ മറുപടി രണ്ടാഴ്ചക്കകം അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ഹൈക്കോടതിയിൽ തീർപ്പാക്കാനുള്ള കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുത്താണ്. നിലവിൽ 14 ജഡ്‌ജിമാരുടെ ഒഴിവാണ് കേരള ഹൈക്കോടതിയില്‍ ഉള്ളത്. പല ഘട്ടങ്ങളിലായി ഹൈക്കോടതി കൊളീജിയം നിയമനത്തിനായി ഒന്‍പതു പേരുകൾ ശുപാർശ ചെയ്തെങ്കിലും ഇക്കാര്യത്തിൽ തീരുമാനം വൈകുകയാണ്.
കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി ചീഫ് ജസ്റ്റിസായിരിക്കെ നടപടികൾ സ്വീകരിച്ചിരുന്നു. ഓരോ ബെഞ്ചും നിലവിലുള്ള കേസുകൾക്ക് പുറമേ നിശ്ചിത എണ്ണം പഴയ കേസുകൾ കൂടി പരിഗണിക്കണമെന്ന അദ്ദേഹം തുടങ്ങിവച്ച രീതി ഇപ്പോഴും തുടരുന്നുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിലേറെയും അഞ്ചുമുതൽ പത്തുവർഷംവരെ പഴക്കമുള്ളവയാണ്. 54,890 സിവിൽ കേസുകളും 11,104 ക്രിമിനൽ കേസുകളുമാണ് ഈ വിഭാഗത്തിലുള്ളത്. ഇതിനുപുറമേ മുപ്പതുവർഷത്തിലേറെ പഴക്കമുള്ള 17 കേസുകളും നിലവിലുണ്ട്.