'പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണം': ഡല്‍ഹി ജമാ മസ്ജിദില് പ്രതിഷേധം
ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
ഡല്‍ഹി: പ്രവാചകനിന്ദയിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ഡൽഹി ജമാ മസ്ജിദില് പ്രതിഷേധം. ജുമാ നമസ്കാരത്തിന് ശേഷമാണ് വിശ്വാസികൾ മസ്‍ജിദിന് പുറത്ത് പ്രതിഷേധിച്ചത്. പ്രവാചകനെ അവഹേളിച്ച ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഉത്തർപ്രദേശിലെ സഹരൻപൂരിലും പ്രതിഷേധമുണ്ടായി. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷമാണ് പ്രതിഷേധമുണ്ടായത്.
നുപൂര്‍ ശര്‍മ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പ്രവാചകനിന്ദയ്ക്കെതിരെ അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ലോക രാഷ്ട്രങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് നുപൂർ ശർമയ്ക്കും നവീൻ ജിൻഡാലിനും എതിരെ പൊലീസ് കേസ് എടുത്തത്. മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തതിന് പുറമെയാണ് ഡൽഹി പൊലീസും പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കൽ അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ വധഭീഷണിയുണ്ടെന്ന് നുപൂര്‍ ശര്‍മ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് അന്വേഷണത്തില്‍ സഹായം തേടി ഡല്‍ഹി പൊലീസ് ട്വിറ്ററിന് നോട്ടീസ് അയച്ചു. നുപൂര്‍ ശര്‍മയ്ക്കും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.
Summary- Massive protests flared in Delhi and Uttar Pradesh's Saharanpur on Friday over remarks by suspended BJP spokesperson Nupur Sharma and her former colleague Naveen Kumar Jindal