ഇന്നലെ ഇറങ്ങിയപ്പോള്‍ അമ്മ പതിവില്ലാതെ കെട്ടിപ്പിടിച്ചു, ഈ ദൗത്യത്തിന്‍റെ ഭാഗമായതില്‍ അഭിമാനം: പൈലറ്റ് ശിവാനി

വിദ്യാര്‍ഥികളെയും കൊണ്ട് ബുഡാപെസ്റ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പറത്തിയത് ശിവാനിയായിരുന്നു

Update: 2022-03-01 01:47 GMT
Advertising

യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യത്തിന്‍റെ ഭാഗമായതില്‍ അഭിമാനമെന്ന് എയര്‍ ഇന്ത്യ പൈലറ്റ് ശിവാനി കല്‍റ. ബുഡാപെസ്റ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് രക്ഷാദൗത്യത്തിലെ ആറാമത്തെ വിമാനം പറത്തിയത് ശിവാനിയായിരുന്നു.

"പതിവില്ലാത്തതാണ്. ഇന്നലെ രാത്രി ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ചു. നേരത്തെ കോവിഡിനിടെയുള്ള രക്ഷാദൌത്യത്തിലും ഞാന്‍ ഭാഗമായിരുന്നു. പക്ഷേ യുദ്ധ വാർത്തകൾ അമ്മയെ ഭയപ്പെടുത്തി. അച്ഛനും സഹോദരനും ആശങ്കാകുലരായിരുന്നു.എത്തിയ ഉടൻ എന്നെ വിളിച്ചു"- ശിവാനി കല്‍റ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മൂന്ന് വര്‍ഷമായി ശിവാനി എയര്‍ ഇന്ത്യയിലെ പൈലറ്റാണ്- "ഞങ്ങൾ ബുഡാപെസ്റ്റിലെത്തി വിദ്യാർഥികളെ കണ്ടു. അവരെല്ലാം ആകെ പേടിച്ച അവസ്ഥയിലായിരുന്നു. ഞാൻ അവരോട് സംസാരിച്ചു. ആശ്വസിപ്പിക്കാൻ ശ്രമിച്ചു. സുരക്ഷിതരായി വീട്ടിലെത്തിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകി. അതോടെ തിരിച്ചുവരാനുള്ള ആവേശത്തിലായിരുന്നു അവർ. എല്ലാം സുഗമമായി നടന്നു. ഞങ്ങൾ ഇറങ്ങിയപ്പോൾ എല്ലാവരും കയ്യടിച്ചു. ആഹ്ലാദിക്കുന്ന കുടുംബങ്ങളെ കണ്ടു. ഇങ്ങനെയൊരു സംഭവം എന്നെ സംബന്ധിച്ച് ഇതാദ്യമാണ്. എനിക്ക് ഈ അവസരം ലഭിച്ചതിൽ നന്ദിയുണ്ട്"- ശിവാനി പറഞ്ഞു.

ഹംഗറി അതിർത്തി വഴി ബുഡാപെസ്റ്റിലൂടെയാണ് വിദ്യാര്‍‌ഥികളുടെ സംഘം ഡല്‍ഹിയിലെത്തിയത്. 240 വിദ്യാര്‍ഥികളുണ്ടായിരുന്നു സംഘത്തില്‍. മണിക്കൂറുകളോളം ഡല്‍ഹി വിമാനത്താവളത്തിൽ കാത്തുനിന്ന രക്ഷിതാക്കളും കുടുംബാംഗങ്ങളും സന്തോഷ കണ്ണീരോടെ വിദ്യാർഥികളെ സ്വീകരിച്ചു-

"കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. യുക്രൈന്‍ യുദ്ധത്തിൽ തകർന്ന രാജ്യമാകുമെന്ന് ഒരിക്കലും കരുതിയില്ല. യുദ്ധമുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. ഫെബ്രുവരി 27നും മാർച്ച് 2നും വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രണ്ട് വിമാനങ്ങളും റദ്ദായി. യൂണിവേഴ്സിറ്റി ഞങ്ങളെ സഹായിച്ചു. അതിർത്തി കടക്കാൻ ഞങ്ങളെ ബസിൽ കയറ്റി അയച്ചു. ഞങ്ങൾ ബുഡാപെസ്റ്റിലെത്തി. എംബസി ഉദ്യോഗസ്ഥര്‍ നാട്ടിലെത്താന്‍ സഹായിച്ചു. വീട്ടിലെത്തിയതിൽ സന്തോഷമുണ്ട്"- യുക്രൈനില്‍ നിന്നെത്തിയ എംബിബിഎസ് വിദ്യാര്‍ഥി ഒസാമ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News