ഗ്യാൻവാപി മസ്ജിദിലെ പൂജ അനുമതി തടയണമെന്നാവശ്യം; മസ്ജിദ് കമ്മിറ്റിയോട് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി

പൂജക്ക് ജില്ലാ കോടതി അനുമതി നൽകിയത് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം

Update: 2024-02-01 08:32 GMT
Advertising

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ പൂജക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. പൂജ തടയണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല.

മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. പൂജക്ക് ജില്ലാ കോടതി അനുമതി നൽകിയത് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

എന്നാൽ, അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയിരുന്നു. മസ്ജിദ് കമ്മിറ്റി ഉടൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കും. നിയമപോരാട്ടം തുടരുന്നും നീതി വേണമെന്നും മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ്‌ യാസീൻ മീഡിയവണ്ണിനോട് പറഞ്ഞു.

അതിനിടെ പൂജ നടത്താനുള്ള നടപടിക്രമങ്ങൾ ജില്ലാ ഭരണകൂട ആരംഭിച്ചു. പൂജ നടത്തുന്ന സ്ഥലം കമ്പിവേലി കെട്ടുന്ന പ്രവർത്തനം ഉൾപ്പെടെ നടക്കുന്നുണ്ട്. ഇതിനുശേഷമാകും പൂജ നടത്താൻ വ്യാസ് കുടുംബാംഗങ്ങൾക്ക് പ്രവേശനം ഉണ്ടാവുക.

വിരമിക്കുന്ന ദിവസമായിരുന്നു ജില്ലാ കോടതി ജഡ്ജി ഡോ. അജയ കൃഷ്ണ വിശ്വേശ്വ പൂജ നടത്താൻ അനുമതി നൽകിയത്. പൂജ നടത്താൻ അനുമതി നൽകിയ നിലവറയുടെ റിസീവറായി ജില്ലാ മജിസ്ട്രേറ്റിനെ കഴിഞ്ഞമാസം 17നാണ് ജഡ്ജി നിയമിച്ചത് .

അതേസമയം, ഇന്നലെ രാത്രി പള്ളിക്ക് സമീപത്തെ സൂചന ബോർഡിൽ മസ്ജിദ് എന്ന ഭാഗം മറച്ച് ക്ഷേത്രം എന്നാക്കി ഹിന്ദുത്വ വാദികൾ സ്റ്റിക്കർ ഒട്ടിച്ചിരുന്നു. പൊലീസ് സ്റ്റിക്കർ എടുത്ത് മാറ്റാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News