"നിങ്ങളുടെ ഹീറോ കയ്യോടെ പിടിക്കപ്പെട്ടു"; ഛന്നിക്കെതിരെ പഞ്ചാബ് കോൺഗ്രസ് നേതാവ്

അഴിമതിയെ അഴിമതി കൊണ്ട് നേരിടാനാവില്ലെന്ന് ജാക്കര്‍

Update: 2022-03-14 16:10 GMT
Advertising

പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺ ജീത് സിങ് ഛന്നിക്കെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ജാക്കർ. അഴിമതിക്കിടെ അദ്ദേഹം കയ്യോടെ പിടിക്കപ്പെട്ടതാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് ജാക്കർ പറഞ്ഞു.

"ഈ തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കട്ടെ. നിങ്ങൾ ഹീറോയായി ഉയർത്തിക്കാട്ടിയ ഒരാൾ കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കാൻ മാത്രം എന്ത് പ്രചോദനമാണ് അദ്ദേഹം നൽകിയത്. നിങ്ങൾക്ക് അദ്ദേഹത്തെ ഒരു ഹീറോയാക്കി ഉയർത്തിക്കൊണ്ടുവരണമായിരുന്നു. അയാൾ ഭാഗ്യം കൊണ്ടുവരുമെന്ന് നിങ്ങൾ കരുതി. എന്നാൽ എനിക്കദ്ദേഹത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല"- ജാക്കർ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ആഴ്ച്ചകൾക്ക് മുമ്പ് ഛന്നിയുടെ ബന്ധുവിനെ അനധികൃത മണൽക്കടത്ത് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന്  എട്ട് കോടിയിലധികം രൂപ ഇ.ഡി പിടിച്ചെടുത്തു. 

അഴിമതിയെ അഴിമതി കൊണ്ട് നേരിടാനാവില്ലെന്നും ഛന്നിയും ബന്ധുക്കളും  അഴിമതി നടത്തുമ്പോള്‍ കയ്യോടെ പിടിക്കപ്പെടുകയായിരുന്നെന്നും ജാക്കര്‍ പറഞ്ഞു.

ക്യാപ്റ്റൻ അമരീന്ദർ സിങ് പാർട്ടിയിൽ നിന്ന് പുറത്തുപോയപ്പോൾ അടുത്ത മുഖ്യമന്ത്രിയാവാൻ തന്നെയാണ് ഏറ്റവുമധികം എം.എൽ. എമാർ പിന്തുണച്ചത് എന്ന് സുനിൽ ജാക്കർ തെരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്തിയിരുന്നു. പഞ്ചാബിൽ ഹൈക്കമാന്‍റ് മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കെയായിരുന്നു ജാക്കറിന്റെ വെളിപ്പെടുത്തലുണ്ടായത്. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News