ജി-23 നേതാക്കളോട് പോലും പറയാതെ രാജി; ഒടുവിൽ മനസ് തുറന്ന് ഗുലാം നബി ആസാദ്

നേതാക്കളായ ആനന്ദ് ശർമ്മ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ എന്നിവർ കഴിഞ്ഞദിവസം ഗുലാംനബിയെ ഡൽഹിയിലെ വീട്ടിൽ സന്ദർശിച്ചിരുന്നു

Update: 2022-08-31 05:29 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: മുതിർന്ന നേതാവ് ഗുലാനബി ആസാദിന്റെ രാജി കോൺഗ്രസും രാഷ്ട്രീയലോകവും ഞെട്ടലോടെയാണ് കേട്ടത്. എന്തിന് കോൺഗ്രസിനുള്ളിൽ തിരുത്തൽ നടപടികൾക്ക് വേണ്ടി വാദിക്കുന്ന ജി 23 നേതാക്കൾ പോലും അതിനെ ഷോക്കിങ് എന്നാണ് വിശേഷിപ്പിച്ചത്. ജി 23 നേതാക്കൾക്ക് പോലും ഒരു സൂചന പോലും നൽകാതെയാണ് ഗുലാംനബിയുടെ രാജി പ്രഖ്യാപനം നടന്നത്. ഒടുവിൽ അതിനുള്ള കാരണവും ഗുലാംനബി തുറന്നുപറഞ്ഞിരിക്കുകയാണ്.

വിമതരുടെ ഗ്രൂപ്പിന്റെ നേതാക്കളായ ആനന്ദ് ശർമ്മ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ എന്നിവർ കഴിഞ്ഞദിവസം ഗുലാംനബിയെ ഡൽഹിയിലെ വീട്ടിൽ സന്ദർശിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും എന്തുകൊണ്ട് രാജിവെച്ചു എന്നതായിരുന്നു അദ്ദേഹത്തോട് ആദ്യം ചോദിച്ചതെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പറഞ്ഞു. ഈ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവർ.

തന്റെ സ്ഥാനം അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തയ്യാറാകുന്നില്ലെന്നും തനിക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് ഗുലാം നബി ആസാദ് നൽകിയ മറുപടിയെന്ന് ചവാൻ പറഞ്ഞു. പാർട്ടി തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത ചവാൻ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഗാന്ധി കുടുംബത്തിന്റെ വിസമ്മതത്തെയും സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുപേജടങ്ങിയ രാജിക്കത്ത് സോണിയാഗാന്ധിക്ക് സമർപ്പിച്ചാണ് ഗുലാംനബി ആസാദ് നീണ്ട അഞ്ചുപതിറ്റാണ്ട് നീണ്ടുനിന്ന പാർട്ടി പ്രവർത്തനം അവസാനിപ്പിച്ച് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ബാലിശമായ പെരുമാറ്റവും പക്വതയില്ലായ്മയുമാണ് രാഹുൽ ഗാന്ധിയുടേതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. കോൺഗ്രസിന്റെ തകർച്ചയ്ക്കും തെരഞ്ഞെടുപ്പ് പരാജയത്തിനും രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി.

ഗുലാം നബിയുടെ രാജി എല്ലാ കോൺഗ്രസുകാരെയും വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നെന്നാണ് ആനന്ദ് ശർമ പ്രതികരിച്ചിരുന്നത്. എല്ലാ കോൺഗ്രസുകാരെയും വേദനിപ്പിക്കും. ഞാൻ വ്യക്തിപരമായി ഞെട്ടിപ്പോയി. ഈ സാഹചര്യം പൂർണ്ണമായും ഒഴിവാക്കാമായിരുന്നു. ഗൗരവമായ ആത്മപരിശോധന ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ, ആ പ്രക്രിയ അട്ടിമറിക്കപ്പെട്ടു,' രാജിക്ക് തൊട്ടുപിന്നാലെ ശർമ്മ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.ഒക്ടോബർ 17 നാണ് പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News