മെറിറ്റ് മാത്രമായിരിക്കും പരിഗണന; എത്ര സീനിയറാണെങ്കിലും പ്രവർത്തിച്ചാൽ മാത്രമേ ടിക്കറ്റ് ലഭിക്കൂ- രാഹുൽ ഗാന്ധി
''അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ സാധ്യമാണ്. അത് മാധ്യമങ്ങളിലൂടെ കേൾക്കുന്ന സ്ഥിതിയുണ്ടാകരുത്.''
ഹൈദരാബാദ്: കോൺഗ്രസ് ഒരു കുടുംബമാണെന്നും എന്നാൽ ആർ.എസ്.എസിൽനിന്ന് വേറിട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിയിൽ സാധ്യമാണെന്നും രാഹുൽ ഗാന്ധി. തെലങ്കാനയിൽ ഒരു പൊതുപരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
എല്ലാവരുടെയും ശബ്ദം കേൾക്കേണ്ടതുണ്ട്. പക്ഷെ, അത് മാധ്യമങ്ങളിലൂടെ കേൾക്കുന്ന സ്ഥിതിയുണ്ടാകരുത്. അഭിപ്രായ ഭിന്നതകളെല്ലാം പാർട്ടിക്കകത്ത് പരിഹരിക്കേണ്ടതാണ്. ആർ.എസ്.എസിനെപ്പോലെ ഒറ്റ അഭിപ്രായം മാത്രം അനുവദിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്-രാഹുൽ ഗാന്ധി പറഞ്ഞു.
മാധ്യമങ്ങൾക്കു മുന്നിലെത്തി അഭിപ്രായ വ്യത്യാസങ്ങൾ പങ്കുവയ്ക്കുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും രാഹുൽ സൂചിപ്പിച്ചു. ''പ്രവർത്തിക്കുന്നവർക്ക് തെരഞ്ഞെടുപ്പുകളിൽ ടിക്കറ്റ് ലഭിക്കും. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇത്. എത്ര മുതിർന്ന നേതാവാണെങ്കിൽ പ്രവർത്തിക്കാത്തവർക്ക് അവസരം ലഭിക്കില്ല.'' - അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിവിധ പരിപാടികൾക്കായി എത്തിയതാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം സന്ദർശനത്തിന്റെ ഭാഗമായി തെലങ്കാനയിലെത്തിയത്. നേരത്തെ, ഉസ്മാനിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധിയുടെ സംവാദം നിശ്ചയിച്ചിരുന്നു. എന്നാൽ, ഇത് സർവകലാശാലാ അധികൃതർ അനുമതി നൽകിയിരുന്നില്ല. ഇതേതുടർന്ന് സമരം നടത്തിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ രാഹുൽ ഇന്ന് ചഞ്ചൽഗുഡ സെൻട്രൽ ജയിലിലെത്തി സന്ദർശിച്ചു.
Summary: Those who will work will get tickets. It will be completely based on merit. And those who are not working won't get a ticket, no matter how senior leaders they are, says Rahul Gandhi