നാഷണൽ ഹെറാൾഡ് കേസ്; ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ ഗാന്ധി
തിങ്കളാഴ്ച വരെ ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്നാണ് രാഹുലിന്‍റെ ആവശ്യം
ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ ഗാന്ധി. തിങ്കളാഴ്ച വരെ ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്നാണ് രാഹുലിന്‍റെ ആവശ്യം. നാളെ ഹാജരാവാനാണ് ഇ.ഡി രാഹുലിന് നിർദേശം നൽകിയിരുന്നത്.
മൂന്നു ദിവസമായി മുപ്പത് മണിക്കൂറിലേറെ സമയമെടുത്താണ് ഇ.ഡി രാഹുലിനെ ചോദ്യം ചെയ്തത്. ഇന്ന് ചോദ്യം ചെയ്യലുണ്ടായിരുന്നില്ല. കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ജൂൺ 23ന് വിളിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെയും പാർട്ടി ട്രഷറർ പവൻ ബൻസാലിനെയും മൊഴിയെടുക്കാനായി വിളിപ്പിച്ചു.
അതിനിടെ, വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കാണും. കോൺഗ്രസ് നേതാക്കൾക്കെതിരായ പൊലീസിന്റെ കയ്യേറ്റം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തും. രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും കോൺഗ്രസ് ഇന്ന് ഉപരോധിക്കുന്നുണ്ട്.