തലയിൽ കൊമ്പ് കിരീടം; ഭാരത് ജോഡോ യാത്രയ്ക്കിടെ ഗോത്രവർഗ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്ത് രാഹുൽ ഗാന്ധി
പരമ്പരാഗത വസ്ത്രമണിഞ്ഞില്ലെങ്കിലും രാഹുലിന്റെ തലയില്‍ കലാകാരന്മാരില്‍ ഒരാള്‍ കൊമ്പ് ഘടിപ്പിച്ച കിരീടം വച്ചുകൊടുത്തു.
ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ ഗോത്രവര്‍ഗ നര്‍ത്തകിമാർക്കൊപ്പം നൃത്തം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെലങ്കാനയിലെ ഭദ്രാചലത്തിലാണ് സംഭവം.
യാത്രയുടെ സ്വീകരണത്തിന്റെ ഭാഗമായി ഒരുക്കിയ ഗോത്രകലാകാരീ- കലാകാരന്മാരുടെ നൃത്തത്തിനൊപ്പമാണ് രാഹുല്‍ഗാന്ധിയും പങ്കാളിയായത്. നടന്നുപോകവെ ഗോത്രവർഗ നർത്തകരെ കണ്ട രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം ചേരുകയായിരുന്നു.
പരമ്പരാഗത വസ്ത്രമണിഞ്ഞില്ലെങ്കിലും രാഹുലിന്റെ തലയില്‍ കലാകാരന്മാരില്‍ ഒരാള്‍ കൊമ്പ് ഘടിപ്പിച്ച കിരീടം വച്ചുകൊടുത്തു. തുടര്‍ന്ന് ഇവരുടെ കൈയില്‍ പിടിച്ച് പരമ്പരാഗത ഗോത്ര നൃത്തച്ചുവടുകള്‍ വയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
'നമ്മുടെ കാലാതീതമായ സംസ്‌കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും കലവറകളാണ് ഗോത്രവര്‍ഗക്കാര്‍. കൊമ്മു- കോയ ആദിവാസി നര്‍ത്തകികള്‍ക്കൊപ്പം താനും ചുവടുവച്ചു. അവരുടെ കല അവരുടെ മൂല്യങ്ങളാണ് പ്രകടിപ്പിക്കുന്നത്. അതില്‍ നിന്ന് നാം പാഠമുള്‍ക്കൊള്ളുകയും അവയെ സംരക്ഷിക്കുകയും വേണം'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സെപ്തംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അടുത്ത വർഷം കശ്മീരിൽ അവസാനിക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ കാൽനടയായി നടക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ജാഥയാണിതെന്ന് കോൺഗ്രസ് നേരത്തെ അവകാശപ്പെട്ടിരുന്നു.
യാത്ര തമിഴ്നാടിനു പിന്നാലെ കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങളിൽ ഇതിനോടകം പ്രയാണം ചെയ്തിട്ടുണ്ട്. യാത്രയുടെ അടുത്ത ഘട്ടം മഹാരാഷ്ട്രയിൽ നടക്കും.