സഖ്യ ചർച്ചകൾ സജീവമാകുന്നു; രാഹുൽ ഗാന്ധിയും ഖാർഗെയും ഇന്ന് കശ്മീരിൽ
2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ശ്രീനഗർ: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കശ്മീരിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സഖ്യ ചർച്ചകൾക്കായാണ് നേതാക്കൾ എത്തുന്നത്. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമോ എന്നതാണ് ഏറ്റവും നിർണായകം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യമായാണ് മത്സരിച്ചിരുന്നത്.
ഇന്ന് പ്രാദേശിക പാർട്ടികളുമായി സീറ്റ് വിഭജന ചർച്ചകൾ നടക്കും. നാളെയാണ് നാഷണൽ കോൺഫറൻസ് നേതാക്കളുമായുള്ള ചർച്ച. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കാണ് നേതാക്കൾ എത്തുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ താരിഖ് ഹമീദ് കർറയെ പുതിയ പി.സി.സി അധ്യക്ഷനായി ഹൈക്കമാൻഡ് നിയമിച്ചിരുന്നു. ബി.ജെ.പിയുടെ നയങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ആരുമായും കൈകോർക്കാൻ തയ്യാറാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാഷണൽ കോൺഫറൻസ് നേതാക്കൾ സഖ്യത്തിന് തയ്യാറാണെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും മൂന്നു വീതം സീറ്റിലാണ് മത്സരിച്ചത്. കോൺഗ്രസ് മൂന്നിലും പരാജയപ്പെട്ടപ്പോൾ നാഷണൽ കോൺഫറൻസ് രണ്ട് സീറ്റ് നേടിയിരുന്നു.
2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ആഗസ്റ്റ് 20ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരുന്നു. 24 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 27 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ആഗസ്റ്റ് 28ന് സൂക്ഷമ പരിശോധന നടക്കും. ആഗസ്റ്റ് 30 ആണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.