'രാഹുല്‍ Vs മോദി': മോദി ലോക്സഭയിൽ ഉള്ളപ്പോൾ രാഹുൽ സംസാരിച്ചാൽ മതിയെന്ന് തീരുമാനം

അവസാന നിമിഷമാണ് രാഹുലിന്‍റെ പ്രസംഗം മാറ്റിയത്

Update: 2023-08-08 11:02 GMT
Advertising

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ഉള്ളപ്പോൾ രാഹുൽ ഗാന്ധി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിച്ചാൽ മതിയെന്ന് കോണ്‍ഗ്രസ് തീരുമാനം. അവസാന നിമിഷമാണ് രാഹുലിന്‍റെ പ്രസംഗം മാറ്റിയത്. രാഹുൽ ഗാന്ധി സഭയിലെത്തിയെങ്കിലും പ്രമേയത്തിൽ മറുപടി പറയേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഹാജരായിട്ടില്ല.

മണിപ്പൂർ വിഷയത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ചർച്ചകൾക്കു തുടക്കം കുറിച്ചത് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ആണ്. മോദിക്കെതിരെ രൂക്ഷമായ ചോദ്യശരങ്ങളുമായായിരുന്നു ഗൊഗോയിയുടെ സംസാരം.

മണിപ്പൂർ കത്തുന്നുണ്ടെങ്കിൽ രാജ്യവും കത്തുന്നുവെന്നാണ് അർഥമെന്ന് പറഞ്ഞാണ് ഗൗരവ് ഗൊഗോയ് തുടങ്ങിയത്. വിഷയത്തിൽ മോദി മൗനവ്രതം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്നു ഗൊഗോയ് പ്രധാനമന്ത്രിയോട് മൂന്നു ചോദ്യങ്ങളുന്നയിച്ചു-

1. എന്തുകൊണ്ട് മോദി മണിപ്പൂർ സന്ദർശിച്ചില്ല?

2. മൗനം വെടിയാൻ എന്തുകൊണ്ട് 80 ദിവസമെടുത്തു?

3. മണിപ്പൂർ മുഖ്യമന്ത്രിയെ എന്തുകൊണ്ട് മാറ്റുന്നില്ല?

മണിപ്പൂരിലെ ഡബിൾ എഞ്ചിൻ സർക്കാർ പരാജയമാണെന്നു സമ്മതിക്കേണ്ടിവരുമെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനമെന്നും ഗൊഗോയ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പ് പരാജയമാണെന്നു സമ്മതിക്കേണ്ടിവരുന്നതാണു പ്രധാനമന്ത്രി മൗനം പാലിക്കാനുള്ള രണ്ടാമത്തെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

''ഏക ഇന്ത്യ എന്നു പറയുന്നവർ മണിപ്പൂരിനേ രണ്ടാക്കി മാറ്റി. വിഡിയോ വൈറൽ ആയില്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രി ഇപ്പോഴും മൗനം പാലിക്കുമായിരുന്നു. മോഷ്ടിക്കപ്പെട്ട ആയുധങ്ങൾ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും. വടക്ക് കിഴക്കൻ മേഖലയിൽ അശാന്തി സൃഷ്ടിക്കപ്പെടും. ഇത്രയും ആയുധങ്ങൾ എങ്ങനെ സംസ്ഥാനത്തെത്തിയെന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാർ പോലും ചോദിക്കുന്നുണ്ട്".

ഇതാദ്യമായല്ല പ്രധാനമന്ത്രി ഇത്തരം ഘട്ടങ്ങളിൽ മൗനം പാലിക്കുന്നതെന്നും ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. ഡൽഹി കലാപം ഉണ്ടായപ്പോഴും കർഷകരും കായിക താരങ്ങളും സമരം നടത്തിയപ്പോഴുമെല്ലാം അദ്ദേഹം മൗനം പാലിച്ചു. അദാനിയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളിൽ പോലും പ്രധാനമന്ത്രി മൗനത്തിലായിരുന്നു. മുൻ കശ്മീർ ഗവർണർ വെളിപ്പെടുത്തൽ നടത്തിയപ്പോഴും മൗനം പാലിച്ചു. പുൽവാമയിൽ സൈനികർക്കു വാഹനം ആവശ്യപ്പെട്ടിരുന്നുവെന്ന് മുൻ ഗവർണർ വ്യക്തമാക്കിയിരുന്നു. ഓക്‌സിജൻ കിട്ടാതെ കോവിഡ് കാലത്ത് ആളുകൾ മരിച്ചപ്പോൾ പ്രധാനമന്ത്രി ബംഗാളിൽ വോട്ട് ചോദിക്കുകയായിരുന്നുവെന്നും ഗൊഗോയ് പറഞ്ഞു.

ഇന്നും നാളെയുമാണ് അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുക. ആഗസ്ത് പത്തിന് പ്രധാനമന്ത്രി മറുപടി പറഞ്ഞേക്കും. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News