'പോരാട്ടം ഭരണഘടന സംരക്ഷിക്കാൻ, ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പായിരുന്നു': രാഹുൽ ഗാന്ധി
പത്രസമ്മേളനത്തിൽ ഭരണഘടന ഉയർത്തിക്കാട്ടി രാഹുൽ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യാ മുന്നണിക്ക് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നില്ലെന്നും ഭരണഘടന സംരക്ഷിക്കുന്നതിനാണ് സഖ്യം പ്രാധാന്യം നൽകിയതെന്നുമാണ് രാഹുലിന്റെ പ്രതികരണം. പത്രസമ്മേളനത്തിൽ ഭരണഘടന ഉയർത്തിക്കാട്ടാനും രാഹുൽ മറന്നില്ല.
"രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇൻഡ്യാ സഖ്യം നടത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. വലിയ അഭിമാനമാണ് ഈ നിമിഷം തോന്നുന്നത്. എന്റെ രാജ്യം, അതിന്റെ ഭരണഘടന സംരക്ഷിക്കാൻ കൂട്ടുനിന്ന ജനങ്ങൾ.... സാധാരണക്കാരായവരിൽ സാധാരണക്കാരായ, യാതൊരു പ്രിവിലേജും ഇല്ലാത്ത പൗരന്മാരാണ് ഭരണഘടനയ്ക്കായി ശബ്ദമുയർത്തിയത്- ദലിതരും കർഷകരുമെല്ലാം. എല്ലാവരോടും വലിയ നന്ദി"
മോദിയും ഷായും ഞങ്ങളെ ഭരിക്കേണ്ടെന്ന് ഈ രാജ്യം വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ഭരണഘടന നശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും... അത് മോദിക്കൊരു വലിയ സന്ദേശമാണ്. ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ അവർ മരവിപ്പിച്ചപ്പോൾ, മുഖ്യമന്ത്രിമാരെ ജയിലിലടച്ചപ്പോൾ, പാർട്ടികളെ പിളർത്തിയപ്പോൾ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു, ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടുമെന്ന്... നമ്മുടെ ഭരണഘടന സംരക്ഷിക്കാനുള്ള ആദ്യത്തെ ചുവട് അതായിരുന്നു. ഇത്തവണ ആർക്കും കണ്ണടച്ച് വിജയം നൽകിയിരിക്കുകയല്ല ജനം. എന്നിരുന്നാലും മോദിയോടുള്ള ജനവിരോധം പുറത്തു വന്നു. മോദിയും ജനങ്ങളും തമ്മിലായിരുന്നു മത്സരം".രാഹുൽ പറഞ്ഞു.
അമേഠിയിൽ കിഷോരി ലാൽ ശർമയുടെ വിജയം രാഹുൽ പ്രത്യേകം പരാമർശിച്ചു. എല്ലാക്കാലവും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് അദ്ദേഹമെന്നും അമേഠിയുമായും അവിടുത്തെ ജനങ്ങളുമായും അദ്ദേഹത്തിനുള്ള ബന്ധം ഫലത്തിൽ പ്രതിഫലിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. അമേഠിയിൽ സ്മൃതി ഇറാനിയെ 1,66,000 വോട്ടിനാണ് കിഷോരി ലാൽ തോൽപ്പിച്ചത്. ഗാന്ധി കുടുംബത്തിന്റെ പാവയെന്നായിരുന്നു കിഷോരി ലാലിന് സ്മൃതി ഇറാനി നൽകിയ വിശേഷണം.
അതേസമയം, മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വമ്പൻ വിജയമാണ് രാഹുൽ ഗാന്ധി സ്വന്തമാക്കിയത്. റായ്ബറേലിയിൽ 4 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ വിജയം. 2019ൽ സോണിയ ഗാന്ധി നേടിയ ഭൂരിപക്ഷത്തിനും ഇരട്ടിയിലധികമാണിത്. 1,67,178 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സോണിയയ്ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ദുഷ്പ്രചാരണം എക്കാലവും ഓർമിക്കപ്പെടുമെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.