രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം സ്പീക്കറുടെ ഔദാര്യമല്ല; സുപ്രിംകോടതി വിധിയോടെ എല്ലാ അയോഗ്യതയും ഇല്ലാതായി: മുഹമ്മദ് ഫൈസൽ എം.പി
രാഹുൽ സുപ്രിംകോടതിയെ സമീപിച്ചാൽ അനുകൂല ഉത്തരവുണ്ടാകുമെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
ന്യൂഡൽഹി: സുപ്രിംകോടതി വിധിയോടെ രാഹുൽ ഗാന്ധിയുടെ എല്ലാ അയോഗ്യതയും ഇല്ലാതായെന്ന് മുഹമ്മദ് ഫൈസൽ എം.പി. രാഹുലിനെ തിരികെയെടുക്കുന്നത് സ്പീക്കറുടെ ഔദ്യാര്യമല്ല. അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചാൽ അനുകൂല ഉത്തരവുണ്ടാകുമെന്നും ഫൈസൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതിയുടെ വിധി ഗുജറാത്തി ഭാഷയിലായിരുന്നു. അതിന്റെ ട്രാൻസ്‌ലേറ്റ് ചെയ്ത കോപ്പി ഡൽഹിയിലെത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. തനിക്കെതിരായ കവരത്തി കോടതിയുടെ വിധി വന്നതിന് പിന്നാലെ തന്നെയും അയോഗ്യനാക്കിയിരുന്നു. എന്നാൽ തിരിച്ചെടുക്കുന്നതിൽ ആ വേഗത ഉണ്ടാവില്ലെന്ന് ഉറപ്പാണെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
പാർലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ട മുഹമ്മദ് ഫൈസൽ സുപ്രിംകോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തതിനെ തുടർന്നാണ് വീണ്ടും പാർലമെന്റിലെത്തിയത്. കോടതി വിധി വന്നിട്ടും എം.പി സ്ഥാനം പുനഃസ്ഥാപിക്കാൻ സ്പീക്കർ തയ്യാറായിരുന്നില്ല. ഫൈസൽ വീണ്ടും കോടതിയെ സമീപിച്ചതിന് ശേഷമാണ് എം.പി സ്ഥാനം തിരികെ നൽകാൻ സ്പീക്കർ തയ്യാറായത്. സുപ്രിംകോടതി വിധി വന്ന് 63 ദിവസത്തിന് ശേഷമാണ് മുഹമ്മദ് ഫൈസലിന് എം.പി സ്ഥാനം തിരികെ ലഭിച്ചത്.