നാല് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ സംരക്ഷിച്ചു; സ്കൂൾ അടിച്ചുതകർത്ത് ജീവനക്കാരെ മർദിച്ച് ​നാട്ടുകാർ

കുറ്റാരോപിതനായ അധ്യാപകനെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് പകരം വിഷയം ഒതുക്കാനാണ് പ്രിൻസിപ്പൽ ശ്രമിച്ചതെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.

Update: 2023-09-30 14:07 GMT
Advertising

ജയ്പ്പൂർ: നാല് വയസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെ സംരക്ഷിച്ചെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ അടിച്ചുതകർത്ത് നാട്ടുകാർ. രാജസ്ഥാനിലെ പാലി ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്കൂളിലേക്ക് ഇരച്ചുകയറിയ നാട്ടുകാർ കോംപൗണ്ടിലെയും ഉള്ളിലെയും സാധനങ്ങൾ നശിപ്പിക്കുകയും മാനേജ്മെന്റ് അം​ഗങ്ങളെ മർദിക്കുകയും ചെയ്തു.

കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ച സ്‌കൂളിന്റെ നിലപാടിൽ ഗ്രാമവാസികൾ രോഷാകുലരാവുകയായിരുന്നു. 23കാരനായ രവി വഗോറിയ എന്ന അധ്യാപകനാണ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സ്വകാര്യ സ്കൂളിലെ അധ്യാപകനായ പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

സെപ്തംബർ 22നാണ് വഗോറിയ നാല് വയസുകാരിയെ പീ‍ഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് സ്‌കൂൾ പ്രിൻസിപ്പലിനെ ഉടൻ അറിയിച്ചതായി പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. എന്നാൽ, കുറ്റാരോപിതനായ അധ്യാപകനെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് പകരം വിഷയം ഒതുക്കാനാണ് പ്രിൻസിപ്പൽ ശ്രമിച്ചതെന്ന് ഇവർ പറയുന്നു.

'സംഭവ ദിവസം ഞാനെന്റെ മകളെയും കൂട്ടി വീട്ടിലേക്ക് പോകുമ്പോൾ, അവളുടെ സ്വകാര്യഭാ​ഗത്ത് രക്തസ്രാവം കണ്ടു. ഇതേക്കുറിച്ച് ഞാൻ പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ എന്തെങ്കിലും മൂർച്ചയുള്ള വസ്തു കൊണ്ട് മുറിഞ്ഞതാവുമെന്നായിരുന്നു മറുപടി'- മാതാവ് പറഞ്ഞു.

ഇതോടെ മാതാവ് ​ഗ്രാമത്തിൽ ചെന്ന് വിവരം പറയുകയും രോഷാകുലരായ ഒരു കൂട്ടം ഗ്രാമീണർ സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തുകയുമായിരുന്നു. സ്‌കൂൾ പരിസരം നശിപ്പിച്ച അവർ ഉള്ളിലെ ഫർണിച്ചറുകൾ വലിച്ചെറിയുകയും സ്‌കൂൾ മാനേജരെ മർദിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു.

അതേസമയം, സംഭവത്തിൽ പ്രതിയായ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് നിയമനടപടികൾ ആരംഭിച്ചു. അധ്യാപകനെ അന്വേഷണ വിധേയമായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സംഭവത്തിൽ ഇടപെട്ട രാജസ്ഥാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ സംഗീത ബെനിവാൾ മൂന്ന് ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് നൽകാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും പൊലീസ് സൂപ്രണ്ടിനും നിർദേശം നൽകി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News