'രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം'; പ്രമേയം പാസാക്കി രാജസ്ഥാൻ, ഛത്തീസ്‍ഗഡ് നേതൃത്വങ്ങൾ
അധ്യക്ഷനായില്ലെങ്കിൽ അത് രാജ്യത്തെ കോൺഗ്രസുകാർക്ക് നിരാശയായിരിക്കുമെന്ന് ഗെലോട്ട്
ഡൽഹി: കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദം ശക്തമാക്കി സംസ്ഥാന നേതൃത്വങ്ങൾ. രാജസ്ഥാൻ, ഛത്തീസ്‍ഗഡ് നേതൃത്വങ്ങൾ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കി. കൂടുതൽ സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെടും . രാഹുലിനെ നേരിൽക്കണ്ട് പല സംസ്ഥാന നേതൃത്വങ്ങളും നേരത്തെ പാർട്ടി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷൻ വരട്ടെ എന്നതാണ് രാഹുൽ എടുത്ത നിലപാട്. കൂടുതൽ സംസ്ഥാനങ്ങൾ പ്രമേയം പാസാക്കുന്ന പശ്ചാത്തലത്തിൽ അധ്യക്ഷനാകാനില്ല എന്ന തീരുമാനം രാഹുൽ പുനപ്പരിശോധിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ ആവശ്യപ്പെട്ടു.
പ്രമേയം പാസാക്കിയെന്ന് രാജസ്ഥാൻ മന്ത്രി പിഎസ് ഖചാരിയാവാസ് സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൊണ്ടുവന്ന പ്രമേയം കോൺഗ്രസ് യോഗത്തിൽ പാസാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പാർട്ടി ഏകകണ്ഠമായി അനുകൂലിക്കുന്നുണ്ടെന്ന് ഗെഹ്‌ലോട്ട് കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് രാഹുൽ ഗാന്ധി പദവി ഏറ്റെടുക്കണമെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായില്ലെങ്കിൽ അത് രാജ്യത്തെ കോൺഗ്രസുകാർക്ക് നിരാശയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വരുന്ന 24 നാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് നാമനിർദശ പത്രികാ സമർപ്പണം ആരംഭിക്കുന്നത്. ഒരു സ്ഥാനാർഥി മാത്രമേ ഉള്ളൂവെങ്കിൽ അയാളെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കും. രാഹുൽ ഗാന്ധിയെ അടുത്ത കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് പുതുച്ചേരി പ്രദേശ് കോൺഗ്രസും പ്രമേയത്തിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാളെ നടക്കുന്ന യോഗത്തിൽ ഹിമാചൽ പ്രദേശ് സംസ്ഥാന ഘടകവും സമാനമായ പ്രമേയം പാസാക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഭാരത് ജൂഡോ യാത്രക്കിടെ അധ്യക്ഷനാകുന്നതിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് പിന്നീട് പ്രതികരിക്കാമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. രാഹുലിന്റെ കഴിവില്ലായ്മയെ കുറ്റപ്പെടുത്തിയാണ് ഗുലാം നബി ആസാദ് കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കൾ പാർട്ടി വിട്ടുപോയത്.