രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്; 'രജനി മക്കൾ മൻറം' പിരിച്ചുവിട്ടു
രജനീകാന്ത് ഫാൻസ് വെൽഫെയർ ഫോറം എന്ന പേരില്‍ ആരാധക കൂട്ടായ്മയായി തുടരാന്‍ തീരുമാനം.
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് രജനീകാന്ത്. രജനി മക്കൾ മൻറം പിരിച്ചുവിട്ടു. 'രജനീകാന്ത് റസിഗർ നർപ്പാനി മൻറം' അല്ലെങ്കിൽ 'രജനീകാന്ത് ഫാൻസ് വെൽഫെയർ ഫോറം' എന്ന പേരില്‍ ആരാധക കൂട്ടായ്മയായാകും ഇനി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക. ചെന്നൈയിൽ വിളിച്ചുചേർത്ത യോഗത്തിനു പിന്നാലെയാണ് തീരുമാനം. രാഷ്ട്രീയസ്വഭാവം സംഘടന പൂര്‍ണമായും ഉപേക്ഷിച്ചതായാണ് രജനി പത്രക്കുറിപ്പില്‍ അറിയിച്ചത്.
"ഭാവിയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ എനിക്ക് പദ്ധതിയില്ല," എന്നാണ് 70കാരനായ സ്റ്റൈല്‍ മന്നന്‍റെ പ്രസ്താവന. രാഷ്ട്രീയപ്രവര്‍ത്തനത്തിനായി രൂപീകരിച്ച പോഷകസംഘടനകളെയും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ച് ധാരാളം ചോദ്യങ്ങള്‍ ഇപ്പോഴുണ്ട്. അതെല്ലാം ചര്‍ച്ച ചെയ്യുമെന്ന് രജനി മക്കള്‍ മന്‍റം പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങളും കോവിഡും ഷൂട്ടിംഗ് തിരക്കുകളും കാരണം അനുയായികളെ കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന പ്രഖ്യാപനമുണ്ടായത്.
— Rajinikanth (@rajinikanth) July 12, 2021