ചിന്തൻ ശിബിറിലെ നിര്‍ദേശങ്ങള്‍ കോൺഗ്രസ് നടപ്പാക്കിത്തുടങ്ങി; രാജ്യസഭയിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം പ്രധാന വെല്ലുവിളി
വിമത ഗ്രൂപ്പായ ജി 23 യിലെ പ്രമുഖരായ നേതാക്കളെ കൂടി ഉൾക്കൊള്ളിച്ചാണ് സമിതി രൂപീകരിച്ചിരിക്കുന്നത്
ഡല്‍ഹി: ചിന്തൻ ശിബിറിന്‍റെ നിർദേശങ്ങൾ ഘട്ടം ഘട്ടമായി കോൺഗ്രസ് നടപ്പാക്കി തുടങ്ങി. രാഷ്ട്രീയ കാര്യ സമിതി എന്നതായിരുന്നു ശിബിർ മുന്നോട്ടു വച്ച സംഘടനാപരമായ മാറ്റം. വിമത ഗ്രൂപ്പായ ജി 23 യിലെ പ്രമുഖരായ നേതാക്കളെ കൂടി ഉൾക്കൊള്ളിച്ചാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. രാജ്യസഭയിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനമാണ് കോൺഗ്രസ് നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി.
രാഷ്ട്രീയകാര്യ സമിതിയും തെരഞ്ഞെടുപ്പ് നേരിടാൻ കർമസമിതിയും പ്രഖ്യാപിച്ചതോടെ ജൂൺ 10ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പാണ് കോൺഗ്രസിന്‍റെ പ്രധാന പരീക്ഷണ ഘട്ടം. ചെറുപ്പക്കാർക്ക് സംഘടനയിലും പാർലമെന്‍ററി രംഗത്തും ചിന്തൻ ശിബിർ 50 ശതമാനം സംവരണം ഉറപ്പ് നൽകുന്നുണ്ട്. 15 സംസ്ഥാനങ്ങളിലായി 57 രാജ്യസഭാ സീറ്റുകളിലേക്കാണ് മത്സരം. നിലവിലെ കക്ഷി ബലം അനുസരിച്ചു രാജസ്ഥാനിൽ നിന്ന് മൂന്നു അംഗങ്ങളെയും ഛത്തീസ്‌ഗഡിൽ നിന്ന് രണ്ട് പേരെയും മധ്യപ്രദേശ് ,കർണാടക,ഹരിയാന എന്നിവിടങ്ങളിൽ നിന്നും ഒരാളെയും ഉറപ്പായും വിജയിപ്പിക്കാം. തമിഴ്നാട് ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഘടക കക്ഷികളുടെ സഹായത്തോടെ രാജ്യസഭയിലേക്ക് അംഗങ്ങളെ എത്തിക്കാം.
കോൺഗ്രസിലെ കരുത്തരായ പി ചിദംബരം, ജയറാം രമേശ്,രാജീവ് ശുക്ല എന്നിവർ കാലാവധി പൂർത്തിയാക്കി അടുത്ത ടേം പ്രതീക്ഷിച്ചു നിൽക്കുന്നവരാണ്. അഞ്ച് വട്ടം എം.പി ആയെങ്കിലും ഗുലാം നബി ആസാദിനും സീറ്റ് പ്രതീക്ഷയുണ്ട് ഗുലാം നബിയെ കൂടാതെ ജി 23യിലെ ആനന്ദ് ശർമ്മ ,കപിൽ സിബൽ എന്നിവർക്ക് കോൺഗ്രസ് സീറ്റ് നൽകുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ചിന്തൻ ശിബിരത്തെ നേതൃത്വം എത്രമാത്രം ഉൾക്കൊണ്ട് മനസിലാക്കുന്നത്, 50 വയസിനു താഴെയുള്ള എത്രപേരെ കോൺഗ്രസ് രാജ്യസഭയിൽ എത്തിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും.