പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ഓംപ്രകാശ് ചൗടാലയുടെ മഹാറാലി ഇന്ന്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ റാലിയിലേക്ക് ക്ഷണിച്ചിട്ടില്ല.

Update: 2022-09-25 00:59 GMT
Advertising

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഹരിയാനയില്‍ ഓം പ്രകാശ് ചൗടാലയുടെ മഹാറാലി ഇന്ന്. സീതാറാം യെച്ചൂരി, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, ഉദ്ധവ് താക്കറെ, ശരത് പവാര്‍, കനിമൊഴി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ റാലിയിൽ പങ്കെടുക്കും. അതിനിടെ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

മുന്‍ ഉപപ്രധാനമന്ത്രിയും ഐഎന്‍എല്‍ഡി സ്ഥാപകനുമായ ദേവി ലാല്‍ ചൗടാലയുടെ പേരിൽ ഹരിയാനയിലെ ഫത്തേബാദിലാണ് ഓം പ്രകാശ് ചൗടാലയുടെ റാലി. പ്രതിപക്ഷ നേതാക്കളെ റാലിയിലേക്ക് ഓം പ്രകാശ് ചൗടാല നേരിട്ട് ക്ഷണിച്ചു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. മമത ബാനര്‍ജി, ചന്ദ്രശേഖര റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കും റാലിയിലേക്ക് ക്ഷണമുണ്ട്. അതേസമയം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ റാലിയിലേക്ക് ക്ഷണിച്ചിട്ടില്ല.

റാലിയില്‍ പങ്കെടുക്കാനെത്തുന്ന നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മൂന്ന് നേതാക്കളും കൂട്ടിക്കാഴ്ച നടത്തുന്നത്. നിതീഷ് കുമാർ യുപിഎയുടെ ഭാഗമായതിന് ശേഷം പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് വേഗത കൈവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിഹാറില്‍ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കുന്നതാണ് നല്ലതെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News