രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിനെതിരെ മോശം പരാമർശം: സംവിധായകൻ രാംഗോപാൽ വർമക്കെതിരെ കേസെടുത്തു
ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി രാംഗോപാൽ വർമയും രംഗത്തെത്തി
ഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിനെതിരെ മോശം പരാമർശം നടത്തിയ ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ രാം ഗോപാൽ വർമ്മയ്ക്കെതിരെ കേസെടുത്തു. ദ്രൗപതി മുർമുവിനെ അപമാനിക്കുന്ന രീതിയിൽ ജൂൺ 22 ന് രാംഗോപാൽ വർമ ട്വീറ്റ് ചെയ്തത്. ലഖ്‍നൗവിലെ ഹസ്രത്ഗഞ്ച് കോൽവാലിയിലെ മനോജ് സിൻഹയാണ് വർമയ്ക്കെതിരെ ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
'ദ്രപൗദിയാണ് രാഷ്ട്രപതിയെങ്കിൽ ആരാണ് പാണ്ഡവർ? അതിലും പ്രധാനമായി, ആരാണ് കൗരവർ?.'' എന്നായിരുന്നു ട്വീറ്റ്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ബി.ജെ.പി നേതാക്കളായ ഗുഡൂർ റെഡ്ഡിയും ടി നന്ദേശ്വർ ഗൗറും രാം ഗോപാൽ വർമ്മയ്ക്കെതിരെ ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ട്വീറ്റ് വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി രാംഗോപാൽ വർമയും രംഗത്തെത്തി. 'തമാശ രൂപേണ പറഞ്ഞതാണ്, മറ്റൊരു തരത്തിലും ഉദ്ദേശിച്ചല്ല ആ പരാമർശനം നടത്തിയത്. മഹാഭാരതത്തിലെ ദ്രൗപദി എന്റെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. പക്ഷേ ഈ പേര് വളരെ അപൂർവമായതിനാൽ അവരുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ ഞാൻ ഓർത്തു. അത് ഞാൻ പ്രകടിപ്പിച്ചു. അതല്ലാതെആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്നും രാംഗോപാൽ വർമ വിശദീകരിച്ചു.
അതിന് പിന്നാലെ ദ്രൗപതി മുർമുവിനെ പുകഴ്ത്തിയും ബി.ജെ.പിക്ക് നന്ദി പറഞ്ഞു അദ്ദേഹം ട്വീറ്റ് ചെയ്തു. ദ്രൗപതി മുർമു ലോകത്തെ എക്കാലത്തെയും മികച്ച രാഷ്ട്രപതിയാകുമെന്നതിൽ എനിക്ക് സംശയമില്ലെന്നായിരുന്നു രാംഗോപാല്‍ വര്‍മ പിന്നീട് ട്വീറ്റ് ചെയ്തത്.