ചെന്നിത്തലക്കെതിരെ ഹൈക്കമാന്‍ഡില്‍ പരാതി; പിന്നാലെ ഇന്ന് സോണിയ-ചെന്നിത്തല കൂടിക്കാഴ്ച
വി ഡി സതീശനെതിരെ ഐഎൻടിയുസിക്കാരുടെ പ്രകടനം നടന്ന പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്‌ടീയ പ്രാധാന്യമുണ്ട്
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല ഇന്ന് കൂടിക്കാഴ്ച നടത്തും. ഡിസിസി അധ്യക്ഷന്മാരെ നിയമിച്ച ശേഷം ആദ്യമായിട്ടാണ് ചെന്നിത്തല ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷയെ സന്ദർശിക്കുന്നത്. വി ഡി സതീശനെതിരെ ഐഎൻടിയുസിക്കാരുടെ പ്രകടനം നടന്ന പശ്ചാത്തലത്തിൽ കൂടിക്കാഴ്ച ഏറെ രാഷ്‌ടീയ പ്രാധാന്യം അർഹിക്കുന്നു.
കഴിഞ്ഞ ആഴ്ച രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയിരുന്നെങ്കിലും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടന്നിരുന്നില്ല. ചെന്നിത്തലയുടെ വിശ്വസ്‌തന്മാരായ ജോസഫ് വാഴക്കൻ, എൻ.സുബ്രഹ്മണ്യൻ എന്നിവർ ദേശീയ ജനറൽ സെക്രട്ടറിമാരുമായി ചർച്ച നടത്തിയ ശേഷമാണ് ഇത്തവണ ചെന്നിത്തലയുടെ ഡൽഹി യാത്ര എന്നതും ശ്രദ്ധേയമാണ്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മുന്നോട്ടുവെച്ച എം.ലിജുവിന് രാജ്യസഭാ സ്ഥാനാർഥിത്വം നിഷേധിച്ചതും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താത്പര്യക്കുറവ് കൊണ്ട് അംഗത്വ വിതരണം മുടന്തി നീങ്ങുന്നുവെന്നും ജനറൽ സെക്രട്ടറിമാരെ ചെന്നിത്തലയുടെ വിശ്വസ്തന്മാർ ധരിപ്പിച്ചിരുന്നു. അപകടം തിരിച്ചറിഞ്ഞ സതീശൻ പക്ഷം ചെന്നിത്തലക്കെതിരെ ഹൈക്കമാന്‍റിന് പരാതി നൽകി.
സതീശനെതിരായ ഐഎൻടിയുസി പ്രകടനങ്ങൾക്ക് പിന്നിൽ ചെന്നിത്തലയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയങ്ങളിൽ തന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയാണ് ഡൽഹി യാത്രയിലൂടെ ചെന്നിത്തല ലക്ഷ്യം വയ്ക്കുന്നത്. വിമത ഗ്രൂപ്പായ ജി 23 ബന്ധപ്പെട്ടെങ്കിലും നെഹ്‌റു കുടുംബത്തിനെതിരെ നിലപാട് എടുക്കാനാവില്ലെന്നു അദ്ദേഹം അറിയിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ഏഴരയോടെ ചെന്നിത്തല ഡൽഹി കേരള ഹൗസിൽ എത്തി.