ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ലൈംഗികാതിക്രമം ; ത്രിപുര ജഡ്ജിക്കെതിരെ ഗുരുതര ആരോപണം,അന്വേഷണത്തിന് ഉത്തരവ്
ചേംബറില്‍ വച്ച് മജിസ്ട്രേറ്റ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി
അഗര്‍ത്തല: ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി അതിജീവിതയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി. ചേംബറില്‍ വച്ച് മജിസ്ട്രേറ്റ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ത്രിപുര ജഡ്ജിക്കെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ധലായ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഗൗതം സർക്കാരിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിർന്ന അഭിഭാഷകൻ ഞായറാഴ്ച പറഞ്ഞു.
ബലാത്സംഗവുമായി ബന്ധപ്പെട്ട് തൻ്റെ മൊഴി രേഖപ്പെടുത്താൻ ഫെബ്രുവരി 16ന് കമാൽപൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ ചേംബറിൽ പോയപ്പോഴാണ് ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് യുവതി ആരോപിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കമാൽപൂരിനെതിരെയാണ് പരാതി. ''ഫെബ്രുവരി 16-ന് എൻ്റെ മൊഴി രേഖപ്പെടുത്താൻ ഞാൻ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ ചേംബറിൽ പോയി. ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജഡ്ജി എന്നെ മോശമായി സ്പര്‍ശിച്ചു. ഞാന്‍ ചേംബറില്‍ നിന്നും പുറത്തേക്കിറങ്ങി സംഭവത്തെക്കുറിച്ച് അഭിഭാഷകരെയും എൻ്റെ ഭർത്താവിനെയും അറിയിച്ചു'' യുവതി പറയുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കമാൽപൂർ ബാർ അസോസിയേഷനിൽ പ്രത്യേക പരാതിയും നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ, ജില്ലാ ആൻ്റ് സെഷൻസ് ജഡ്ജി ഗൗതം സർക്കാർ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സത്യജിത് ദാസിനൊപ്പം കമാൽപൂരിലെ അഡീഷണൽ ജില്ലാ, സെഷൻസ് ജഡ്ജിയുടെ ഓഫീസ് സന്ദർശിച്ചു.
"പ്രശ്നവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ മറ്റ് ആളുകളെപ്പോലെ ഞാനും മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമാണ് അറിഞ്ഞത്. ശരിയായ രൂപത്തിൽ ഞങ്ങൾക്ക് പരാതി ലഭിച്ചാൽ, ഞങ്ങൾ തീർച്ചയായും ഉചിതമായ നടപടി സ്വീകരിക്കും'' ത്രിപുര ഹൈക്കോടതി രജിസ്ട്രാർ ജനറൽ വി.പാണ്ഡെ പറഞ്ഞു.