എന്‍റെ ഗുരുവും സുഹൃത്തും; രാഹുലിനെയും പ്രിയങ്കയെയും കണ്ട് സിദ്ദു
പഞ്ചാബിനോടോ നേതാക്കളോടോ ഉള്ള പ്രതിബദ്ധതയിൽ നിന്ന് താൻ പിന്മാറില്ലെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി. ജയില്‍മോചിതനായ സിദ്ദു വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെത്തി ഇരുനേതാക്കളെയും കണ്ടത്. തന്നെ ജയിലിലടക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാം, എന്നാൽ പഞ്ചാബിനോടോ നേതാക്കളോടോ ഉള്ള പ്രതിബദ്ധതയിൽ നിന്ന് താൻ പിന്മാറില്ലെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിദ്ദുവിന്‍റെ പ്രതികരണം.
"എന്‍റെ ഉപദേഷ്ടാവ് രാഹുൽ ജിയെയും സുഹൃത്തും തത്ത്വചിന്തകനും വഴികാട്ടിയുമായ പ്രിയങ്ക ജിയെയും ഇന്ന് ഡൽഹിയിൽ വച്ച് കണ്ടു.നിങ്ങൾക്ക് എന്നെ ജയിലിൽ അടയ്ക്കാം, എന്നെ ഭീഷണിപ്പെടുത്താം. എന്‍റെ എല്ലാ സാമ്പത്തിക അക്കൗണ്ടുകളും തടയാം. എന്നാൽ പഞ്ചാബിനും എന്‍റെ നേതാക്കന്മാർക്കും വേണ്ടിയുള്ള എന്‍റെ പ്രതിബദ്ധത ഒരിഞ്ച് കുലുങ്ങുകയോ പിന്നോട്ട് പോകുകയോ ചെയ്യില്ല !!എന്‍റെ നേതാക്കളും കുലുങ്ങില്ല'' സിദ്ദു ട്വീറ്റ് ചെയ്തു.
1988ൽ ഉണ്ടായ ഒരു തർക്കത്തിനിടെ ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് 59കാരനായ സിദ്ദുവിനെ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നത്. 1988 ഡിസംബർ 27ന് ഉച്ചക്ക് വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. സിദ്ദുവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുർണാം ആശുപത്രിയിൽവെച്ച് മരിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനഃപൂർവമല്ലാത്ത നരഹത്യക്ക് മൂന്ന് വർഷം തടവ് വിധിച്ചെങ്കിലും 2018ൽ സുപ്രിംകോടതി ശിക്ഷ 1000 രൂപ പിഴയിലൊതുക്കി. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹരജിയിലാണ് സുപ്രിംകോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം മേയിലായിരുന്നു ഈ വിധി.
ശനിയാഴ്ചയാണ് സിദ്ദു ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു."പഞ്ചാബ് ഈ രാജ്യത്തിന്റെ കവചമാണ്, ഈ രാജ്യത്ത് ഏകാധിപത്യം വന്നപ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു വിപ്ലവവും വന്നു," എന്നായിരുന്നു ജയിലിനു പുറത്തിറങ്ങിയ ശേഷമുള്ള സിദ്ദുവിന്‍റെ പ്രതികരണം.