കൊല്‍ക്കത്ത കൊലപാതകം; ഇരയുടെ പേര്, ചിത്രം, വീഡിയോകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് സുപ്രിം കോടതി
ഇരയുടെ പേര് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നതിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് സുപ്രിം കോടതി
ന്യൂഡൽഹി: കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളജിൽ യുവഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയുടെ പേര്, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ സമൂഹമാധ്യമത്തിൽ നിന്നും നീക്കം ചെയ്യണമെന്ന് സുപ്രിം കോടതി ഉത്തരവ്.
ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നിപുൻ സക്സേന കേസിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
അതിക്രമത്തിനിരയായ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരയുടെ പേരോ ചിത്രങ്ങളോ വിഡിയോകളോ സമൂഹമാധ്യമത്തിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി പറഞ്ഞു.
ഇരയായ ഡോക്ടറുടെ വിവരങ്ങള്‍ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയതിനെതിരെ അഭിഭാഷകൻ കിന്നോരി ഘോഷും മറ്റുള്ളവരും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. അക്രമത്തിനിരയായവരുടെ പേര് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നതിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു.