ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയുടെ ജനവിധി ഇന്നറിയാം; മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലടക്കം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറസ്റ്റിലായതോടെ ഇന്നത്തെ രാജേന്ദ്ര നഗർ ഫലം ആം ആദ്മി പാർട്ടിയുടെ ഭാവിയെ പോലും നിർണയിക്കും

Update: 2022-06-26 03:31 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലടക്കം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഫലം ഇന്നറിയാം. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയുടെ ജനവിധിയും ഇന്നറിയാം. യുപിയിലെ അസംഘഡ്, രാം പൂർ മണ്ഡലങ്ങളിലാണ് കടുത്ത പോരാട്ടം നടന്നത്.

ത്രിപുരയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ വേണ്ടി ഒരു മത്സരം നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും വിപ്ലവ് കുമാറിനെ മാറ്റിയ ശേഷം രാജ്യസഭാംഗമായിരുന്ന മാണിക്ക് സാഹയെയാണ് ബി.ജെ.പി നിയോഗിച്ചത്. ത്രിപുര നിയമ സഭാ അംഗമല്ലാതിരുന്ന മാണിക്ക് സാഹയ്ക്ക് ഇന്ന് ജയിച്ചാൽ മാത്രമേ മുഖ്യമന്ത്രി പദവിയിൽ തുടരാൻ കഴിയൂ. പഞ്ചാബിൽ മുഖ്യമന്ത്രിയായതോടെ ഭഗവന്ത് മാൻ രാജിവച്ച സാങ്റൂർ ലോക്‌സഭാ മണ്ഡലത്തിലെ ഫലവും ഇന്നാണ്.

ഡൽഹിയിൽ ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ എം.എൽ.എ സ്ഥാനം രാജിവെച്ചു രാജ്യസഭാ അംഗമായതോടെയാണ് ഡൽഹി രാജേന്ദ്ര നഗറിൽ തെരെഞ്ഞെടുപ്പ് നടന്നത്. ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറസ്റ്റിലായതോടെ ഇന്നത്തെ രാജേന്ദ്ര നഗർ ഫലം ആം ആദ്മി പാർട്ടിയുടെ ഭാവിയെ പോലും നിർണയിക്കും. യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, അസംഖാൻ എന്നിവർ രാജി വെച്ചൊഴിഞ്ഞതോടെയാണ് ലോക്‌സഭാ മണ്ഡലങ്ങളായ അസംഘഡ്, രാംപൂർ എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ബി.ജെ.പിയും സമാജ്‍വാദി പാർട്ടിയുമാണ് നേർക്ക് നേർ മത്സരിക്കുന്നത്. സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ ഈ രണ്ട് മണ്ഡലങ്ങളിലും വിജയിക്കാൻ കഴിഞ്ഞാൽ വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പ് എളുപ്പമാകുമെന്നു ബി.ജെ.പി കണക്കു കൂട്ടുന്നു. വോട്ടിങ് ശതമാനം കുത്തനെ കുറഞ്ഞത് ആശങ്ക സൃഷ്ടിച്ചെങ്കിലും തോൽവി സംഭവിക്കില്ലെന്ന് വിലയിരുത്തലാണ് സമാജ്‍വാദി പാർട്ടിക്കുള്ളത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News