" ഒടുവില്‍ സത്യം ജയിക്കും, ഞാൻ 15 തവണ ഇ.ഡി ക്ക് മുന്നിൽ ഹാജരായിട്ടുണ്ട് "; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി റോബർട്ട് വാദ്ര

ഇഡിയുടെ ചോദ്യംചെയ്യൽ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചു

Update: 2022-06-13 15:33 GMT
Advertising

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സഹോദരി ഭർത്താവ് റോബർട്ട് വാദ്ര. താൻ 15 തവണ ഇ.ഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. എല്ലാത്തിനുമൊടുവില്‍ സത്യം ജയിക്കുമെന്നും രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് എന്നും വാദ്ര ഫെയ്‌സ്ബുക്കിൽ കുറിച്ചു.

"രാഹുൽ, നിസ്സംശയം പറയാം താങ്കൾ ഈ അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ നിന്നെല്ലാം മുക്തനാവും. 15 തവണയിലധികം എന്നെ ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്.ഞാൻ സമ്പാദിച്ച മുഴുവൻ പണത്തിന്‍റേയും 23000 ത്തിലധികം രേഖകൾ എനിക്ക് ഹാജരാക്കേണ്ടി വന്നിട്ടുണ്ട്. എനിക്കുറപ്പുണ്ട് സത്യം ഒരിക്കൽ ജയിക്കും. ഇത് പോലുള്ള പീഡനങ്ങള്‍ കൊണ്ട് ജനങ്ങളെ അടിച്ചമർത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനമെങ്കിൽ ഇത്തരം പീഡനങ്ങൾ ഞങ്ങളെ ശക്തരാക്കുകയേ ഉള്ളൂ"- വാദ്ര കുറിച്ചു. 

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി എംപിയെ ഇ.ഡി ഇന്ന് ചോദ്യംചെയ്തു. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യംചെയ്യൽ നടന്നത്. കാല്‍നടയായാണ് രാഹുല്‍ ഇ.ഡി ഓഫീസിലെത്തിയത്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നൂറു കണക്കിന് നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

ചോദ്യംചെയ്യൽ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചു. എന്നാൽ ഡൽഹിയിലെ ഇ.ഡി ഓഫീസ് മാർച്ചിന് പൊലീസ് അനുമതി നൽകിയില്ല. എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള മുഴുവൻ റോഡുകളും അടച്ചു.

നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. സോണിയയും രാഹുലുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ എംഡിമാർ. നാഷണൽ ഹെറാൾഡിന്‍റെ പേരിലുള്ള സ്വത്ത് കൈക്കലാക്കുന്നതിനായി രൂപീകരിച്ച കമ്പനിയാണ് യങ് ഇന്ത്യയെന്നാണ് പരാതിയിലുള്ളത്. ഈ വിഷയത്തിലാണ് രാഹുലിനെ ഇന്ന് ഇ.ഡി ചോദ്യംചെയ്യുന്നത്. എന്നാൽ കേസിലുള്ള ഇ.ഡിയുടെ ഇടപെടൽ രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

ഇ.ഡി ഓഫീസിലേക്ക് ചോദ്യംചെയ്യലിനായി പോയപ്പോള്‍ ദേശീയ നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിച്ചു. കേസിൽ സോണിയാ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 23ന് ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ ആഴ്ച ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാൽ സോണിയാ ഗാന്ധി ഹാജരായിരുന്നില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News