ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ; യാത്രയിൽ അണിചേർന്ന് രോഹിത് വെമുലയുടെ അമ്മ
രാധികാ വെമുലയുടെ സാന്നിധ്യം തന്റെ ചുവടുകൾക്ക് പുതിയ കരുത്ത് നൽകുമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ഹൈദരാബാദ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലെത്തി. രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയും രാഹുലിനൊപ്പം അണിചേർന്നു. 2016ൽ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയായിരിക്കെ യൂണിവേഴ്‌സിറ്റി അധികാരികളുടെ വേട്ടയാടലിനെ തുടർന്നാണ് ദലിത് സമുദായാംഗമായ രോഹിത് ആത്മഹത്യ ചെയ്തത്.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെത്തിയ രാഹുൽ ഗാന്ധി രാധികാ വെമുലക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തു. ''സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ എന്റെ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുല. രോഹിതിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾക്ക് പുതിയ ധൈര്യവും മനസ്സിന് പുതിയ കരുത്തും ലഭിച്ചു''- രാഹുൽ പറഞ്ഞു.
रोहित वेमुला, सामाजिक भेदभाव और अन्याय के विरुद्ध मेरे संघर्ष का प्रतीक है, और रहेगा।
— Rahul Gandhi (@RahulGandhi) November 1, 2022
रोहित की माताजी से मिल कर, यात्रा के लक्ष्य की ओर बढ़ रहे कदमों को नया साहस, और मन को नई शक्ति मिली। pic.twitter.com/7XrVSqnptF
യാത്രയിലെ വൻ ജനപങ്കാളിത്തം തെലങ്കാനയിൽ അധികാരത്തിൽ വരാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണ്. വിവിധ എൻജിഒ പ്രതിനിധികളും ആക്ടിവിസ്റ്റുകളും രാഹുൽ ഗാന്ധിയെ കാണാനെത്തുന്നത് വലിയ പ്രതീക്ഷയാണെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. തെലങ്കാനയിലെ പല പ്രാദേശിക സംഘടനാ നേതാക്കളും യാത്രക്ക് പിന്തുണ പ്രഖ്യാപിക്കുകയും രാഹുൽ ഗാന്ധിക്കൊപ്പം അണിചേരുകയും ചെയ്തിട്ടുണ്ട്.