മധ്യപ്രദേശില്‍ സമൂഹവിവാഹത്തിനു മുന്നോടിയായി ഗര്‍ഭപരിശോധന; വിവാദം

മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജനയ്ക്ക് കീഴിലുള്ള സമൂഹവിവാഹം ഡിൻഡോറിയിലെ ഗദ്‌സരായ് ഏരിയയിലാണ് നടന്നത്

Update: 2023-04-24 03:36 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന സമൂഹവിവാഹത്തിനു മുന്നോടിയായി യുവതികളെ നിര്‍ബന്ധിത ഗര്‍ഭ പരിശോധനക്ക് വിധേയമാക്കിയത് വിവാദത്തിലായി. മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജനയ്ക്ക് കീഴിലുള്ള സമൂഹവിവാഹം ഡിൻഡോറിയിലെ ഗദ്‌സരായ് ഏരിയയിലാണ് നടന്നത്.


219 പെൺകുട്ടികളിൽ അഞ്ചുപേരുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ശനിയാഴ്ച ഇവരുടെ വിവാഹം നടന്നില്ല. ആരാണ് പരിശോധനയ്ക്ക് ഉത്തരവിട്ടതെന്ന് കോൺഗ്രസ് ചോദിച്ചു.ഗർഭ പരിശോധന പോസിറ്റീവായ സ്ത്രീകളിൽ ഒരാൾ, വിവാഹത്തിന് മുമ്പ് തന്‍റെ പ്രതിശ്രുതവരനോടൊപ്പം താമസിക്കാൻ തുടങ്ങിയിരുന്നുവെന്ന് പറഞ്ഞു."എന്‍റെ ഗർഭ പരിശോധന പോസിറ്റീവായി. ഇക്കാരണത്താൽ അന്തിമ പട്ടികയിൽ നിന്ന് എന്‍റെ പേര് ഒഴിവാക്കി. ഉദ്യോഗസ്ഥർ എനിക്ക് വ്യക്തമായ കാരണമൊന്നും നൽകിയിട്ടില്ല," യുവതി കൂട്ടിച്ചേര്‍ത്തു. മുമ്പൊരിക്കലും ഇത്തരം പരിശോധനകൾ നടത്തിയിട്ടില്ലെന്ന് ബച്ചർഗാവ് ഗ്രാമത്തിലെ സർപഞ്ച് മേദാനി മറാവി പറഞ്ഞു.സംഭവം പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അപമാനമായിരിക്കുകയാണെന്ന് മേദാനി ചൂണ്ടിക്കാട്ടി.

സാധാരണയായി പ്രായം സ്ഥിരീകരിക്കുന്നതിനും അനീമിയയും ശാരീരിക ക്ഷമതയും പരിശോധിക്കുന്നതിനുമാണ് പരിശോധനകൾ നടത്തുന്നതെന്ന് ഡിൻഡോറിയിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. രമേഷ് മറാവി പറഞ്ഞു.സംശയമുള്ള ചില പെൺകുട്ടികളിൽ ഉന്നത അധികാരികളുടെ നിർദ്ദേശപ്രകാരം ഗർഭ പരിശോധന നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഞങ്ങൾ പരിശോധനകൾ നടത്തി കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. പെൺകുട്ടികളെ സമൂഹ വിവാഹ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പാണ് തീരുമാനം എടുക്കുന്നത്," മറാവി വ്യക്തമാക്കി.



പ്രാദേശിക ഭരണകൂടവും സംസ്ഥാന സർക്കാരും ഗർഭ പരിശോധന നടത്തി സ്ത്രീകളെ അപമാനിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു.സംഭവത്തില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി. "ഈ വാർത്ത സത്യമാണോ എന്ന് മുഖ്യമന്ത്രിയിൽ നിന്ന് എനിക്ക് അറിയണം, ഈ വാർത്ത ശരിയാണെങ്കിൽ, ആരുടെ നിർദ്ദേശപ്രകാരമാണ് മധ്യപ്രദേശിലെ പെൺമക്കളോട് ഇങ്ങനെ ചെയ്തത്?പാവപ്പെട്ടവരുടെയും ആദിവാസി വിഭാഗങ്ങളിലെയും പെൺമക്കൾക്ക് മുഖ്യമന്ത്രിയുടെ കണ്ണിൽ മാന്യതയില്ലേ?സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ കാര്യത്തിൽ മധ്യപ്രദേശ് ഇതിനകം തന്നെ രാജ്യത്ത് ഒന്നാമതാണ്.മുഴുവൻ വിഷയത്തിലും നീതിയുക്തവും ഉന്നതവുമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ കഠിനമായി ശിക്ഷിക്കണമെന്നും ഞാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.ഇത് ഗർഭ പരിശോധനയുടെ കാര്യം മാത്രമല്ല, മുഴുവൻ സ്ത്രീകളോടുമുള്ള വിദ്വേഷപരമായ മനോഭാവവും കൂടിയാണ്'' കമല്‍നാഥ് ട്വീറ്റ് ചെയ്തു.

2006 ഏപ്രിലിലാണ് മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന തുടങ്ങുന്നത്. പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ വിവാഹത്തിന് സംസ്ഥാന സർക്കാർ 56,000 രൂപ ധനസഹായം നൽകുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News