ചെറ്റക്കുടിലിന് വൈദ്യുതി ബിൽ ഒരു ലക്ഷം! 90കാരിക്ക് കെ.ഇ.ബിയുടെ 'ഇരുട്ടടി'

സാധാരണ മാസം 70ഉം 80ഉം രൂപ അടച്ചുവന്നിടത്താണ് ഇത്തവണ ലക്ഷത്തിന്‍റെ ബിൽ ലഭിച്ചത്

Update: 2023-06-22 10:53 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: ചെറ്റക്കൂരയിൽ താമസിക്കുന്ന 90കാരിക്ക് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ! കർണാടകയിലെ കൊപ്പലിനടുത്തുള്ള ഭാഗ്യനഗർ സ്വദേശിയായ ഗിരിജമ്മയ്ക്കാണ് കര്‍ണാടക വൈദ്യുതി ബോർഡിന്റെ(കെ.ഇ.ബി) 'ഇരുട്ടടി' ലഭിച്ചത്. സാധാരണ പ്രതിമാസം 70ഉം 80ഉം രൂപ അടച്ചുവന്നിടത്താണ് ഇത്തവണ ലക്ഷം രൂപയുടെ ബിൽ ലഭിച്ചത്.

വൈദ്യുതിബിൽ ലഭിച്ച് ഞെട്ടിയിരിക്കുകയാണ് ഗിരിജമ്മ. പണമടക്കാൻ എന്തു ചെയ്യുമെന്നറിയാതെ വയോധിക പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കർണാടക വൈദ്യുതി മന്ത്രി ഇടപെട്ടു. വൈദ്യുതി മീറ്ററിലുള്ള സാങ്കേതികത്തകരാർ കാരണമാണ് അവർക്ക് ഇത്രയും തുക ബില്ലായി ലഭിച്ചതെന്ന് കെ.ജെ ജോർജ് പ്രതികരിച്ചു. അവർ ഈ തുക അടക്കേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങൾക്കുമുന്നിൽ വ്യക്തമാക്കി.

മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ഗുൽബർഗ വൈത്യുതി വിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെത്തി മീറ്റർ പരിശോധിച്ചു. സാങ്കേതികത്തകരാറാണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ രാജേഷ് അറിയിച്ചു. ബില്ലിൽ ആവശ്യപ്പെട്ട തുക അടക്കേണ്ടതില്ലെന്ന് ഇവർ ഗിരിജമ്മയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഉയർന്ന വൈദ്യുതിനിരക്കിനെതിരെ കർണാടകയിൽ ജനരോഷം നിലനിൽക്കെയാണ് സംഭവം പുറത്തുവരുന്നത്. ഇത് പ്രതിഷേധം ഇരട്ടിയാക്കിയിരിക്കുകയാണ്. ഗൃഹലക്ഷ്മി പദ്ധതി വഴി എല്ലാ വീടുകളിലും 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന് ഇത്തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. പ്രഖ്യാപനം എത്രയും പെട്ടെന്ന് നടപ്പാക്കി ജനരോഷം അടയ്ക്കാനുള്ള നീക്കത്തിലാണ് സിദ്ധരാമയ്യ സർക്കാർ.

Summary: 90-year-old Girijamma, shocked after receiving whopping Rs 1 Lakh electricity bill for her small hut in Koppal, Karnataka

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News