രേഖകളില്ലാതെ ബൈക്കോടിച്ച 'പ്രചാരകി'നെ പൊലീസ് പിടിച്ചു; സ്റ്റേഷൻ ഉപരോധിച്ച് ആർ.എസ്.എസ് പ്രവർത്തകർ

ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളിൽ തങ്ങളുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ പൊലീസിനെതിരെ യുദ്ധം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഭീഷണിമുഴക്കിയിരുന്നു

Update: 2022-04-19 13:52 GMT
Editor : André | By : Web Desk
Advertising

ന്യൂഡൽഹി: രേഖകളില്ലാതെ ബൈക്കിൽ യാത്ര ചെയ്തതിന് പിടിക്കപ്പെട്ട തങ്ങളുടെ പ്രവർത്തകനെ മോചിപ്പിക്കാൻ 'ജയ് ശ്രീറാം' വിളികളുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ആർ.എസ്.എസ് പ്രവർത്തകർ. ഡൽഹിയിൽ ഇന്ന് ഉച്ചക്കാണ് സംഭവം. സംഘർഷാവസ്ഥയെ തുടർന്ന് ഇയാളെ ബൈക്കിനൊപ്പം പൊലീസ് മോചിപ്പിച്ചു.

സ്വതന്ത്ര മാധ്യമപ്രവർത്തകൻ സാഹിൽ മുരളി മെൻഘാനിയാണ് ഒരുകൂട്ടമാളുകൾ പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്കൊപ്പം ഇക്കാര്യം പുറത്തുവിട്ടത്. 'ആർ.എസ്.എസ്സുകാരെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടമാളുകൾ ഡൽഹിയിലെ ഒരു പൊലീസ് സ്റ്റേഷൻ ഘരാവോ ചെയ്തു. ആർ.എസ്.എസ് പ്രവർത്തകനോട് പൊലീസ് മോശമായി പെരുമാറി എന്ന് അവർ ആരോപിക്കുന്നു. രേഖകളില്ലാതെ ബൈക്ക് ഓടിക്കുകയായിരുന്നു അയാളെന്നാണ് പൊലീസ് എന്നോട് പറഞ്ഞത്. അയാളും പൊലീസും തമ്മിൽ ചെറിയ തോതിൽ വാക്കുതർക്കമുണ്ടായി. ജയ് ശ്രീറാം വിളികളുയർന്നു.' സാഹിൽ മുരളി ട്വിറ്ററിൽ കുറിച്ചു.

പരിശോധനയിൽ, പിടിയിലായ ആൾ ആർ.എസ്.എസ് പ്രചാരകാണെന്ന് വ്യക്തമായതായും രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഇയാളെ ബൈക്കൊപ്പം വിട്ടയച്ചതായും പൊലീസ് അറിയിച്ചതായി സാഹിൽ വ്യക്തമാക്കി.

'ഡൽഹി പൊലീസ് ഇപ്പോൾ അയച്ചത്: പരിശോധനയിൽ അയാൾ ആർ.എസ്.എസ് പ്രചാരക് ആണെന്ന് കണ്ടെത്തി. ബൈക്കിന്റെ രേഖകൾ പരിശോധിക്കുകയും യഥാർത്ഥമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഇയാളെ വാഹനത്തോടൊപ്പം വിട്ടയച്ചു. പ്രശ്‌നം രമ്യമായി പരിഹരിച്ചു. ഇയാളോട് പൊലീസുകാർ മോശമായി പെരുമാറി എന്ന പരാതി എ.സി.പി അന്വേഷിക്കുന്നുണ്ട്.'

പൊലീസിനെതിരെ യുദ്ധം: വി.എച്ച്.പി

നേരത്തെ, ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ഹനുമാൻ ജയന്തിയുടെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളിൽ തങ്ങളുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ പൊലീസിനെതിരെ യുദ്ധം ചെയ്യുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഭീഷണിമുഴക്കിയിരുന്നു. ശനിയാഴ്ച വൈകുന്നേരം അനുവാദമില്ലാതെ ജാഥ സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നായിരുന്നു വി.എച്ച്.പിയുടെ ഭീഷണിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പൊലീസ് 'ഇസ്ലാമിക ജിഹാദികൾ'ക്കു മുന്നിൽ മുട്ടുകുത്തുകയാണെന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ലെന്നും വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസൽ പറഞ്ഞു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News